lottery-theif

തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത മോഷ്ടാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. എറണാകുളം മരട് ചെമ്പക്കര ആയത്തു പറമ്പിൽ വീട്ടിൽ സുനിൽകുമാറിനെയാണ് (47) ഇന്നലെ രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആട്ടോ സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുമായി പോകുന്ന വീഡിയോയാണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തമ്പാനൂർ ബസ് ടെർമിനലിലായിരുന്നു സംഭവം. വർഷങ്ങളായി തലസ്ഥാനത്തു ലോട്ടറിക്കച്ചവടം നടത്തുന്ന വാഴച്ചൽ ചിറയാണിക്കര ഗീതാഭവനിൽ സുരയിൽ നിന്നാണ് ഇയാൾ ലോട്ടറി തട്ടിയെടുത്തത്. ട്രെയിനുകളിലും മോഷണം നടത്തുന്ന ഇയാൾ മോഷണക്കേസിൽ ജയിലിൽ ശിക്ഷ കഴിഞ്ഞ്

അടുത്തിടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തമ്പാനൂർ ഇൻസ്പെക്ടർ അജയകുമാർ, എസ്.ഐമാരായ ജിജുകുമാർ, അരുൺ രവി, എ.എസ്.ഐ സുരേഷ്‌കുമാർ എന്നിവ‌ർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.