nagarasabha

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ നഗരസഭയിൽ കെട്ടിക്കിടക്കുന്നത് കെട്ടിട നിർമ്മാണാനുമതിക്കും മറ്റുമായി ജനം സമർപ്പിച്ച 3300 ലധികം അപേക്ഷകൾ! സാധാരണക്കാരായ അപേക്ഷകർക്ക് നിരവധി തവണ നഗരസഭയുടെ പടികൾ കയറിയിറങ്ങേണ്ടിവരുന്നു. കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തതിന്റെ പേരിൽ കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചിരിക്കെയാണ് തലസ്ഥാന നഗരസഭയിലെ മെല്ലപ്പോക്കിന്റെ വിവരവും പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബ‌ർ മുതൽ കെട്ടിടനിർമ്മാണത്തിനും കൈവശാവകാശ സർട്ടിഫിക്കറ്റിനുമായി സമർപ്പിച്ച 4500 ഓളം അപേക്ഷകളിൽ തീരുമാനമായത് 1200 എണ്ണത്തിൽ മാത്രം. ഇതിൽ വീട് നിർമ്മാണത്തിനുള്ള 340 അപേക്ഷകളൊഴികെ ഫ്ളാറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, ആഡംബര വീടുകൾ, കടകൾ തുടങ്ങിയവയുടെ കാര്യത്തിലാണ് തീർപ്പുണ്ടായത്.

കെട്ടിട നിർമ്മാണ പെർമിറ്റുകൾക്കുള്ള അപേക്ഷകൾ കാര്യക്ഷമമായും അഴിമതിരഹിതമായും കൈകാര്യം ചെയ്യുന്നതിന് കേരളത്തിലെ എല്ലാ നഗരസഭകളിലും വിന്യസിച്ചിട്ടുള്ള ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം നഗരസഭയിലും നിർമ്മാണാനുമതി നൽകുന്നത്. സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ നൽകുന്നതിലും പ്ലാനുകൾ തയ്യാറാക്കുന്നതിലും ഉണ്ടാകുന്ന അപാകതകൾ മൂലം തുടക്കത്തിൽ ഫയലുകൾ നിരസിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇത് അപേക്ഷകളുടെ സുഗമമായ നീക്കത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കാൻ ഹെൽപ്പ് ഡസ്കുകൾ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും കാര്യങ്ങൾ ഇപ്പോഴും പഴയ പടി തന്നെ.

നഗരാസൂത്രണ വിഭാഗം, റെയിൽവേ, എയർപോർട്ട് തുടങ്ങിയവയുടെ അനുമതിയില്ലാത്തതിന്റെ പേരിലും സ്കെച്ചിലും പ്ളാനിലും വ്യത്യാസം ചൂണ്ടിക്കാട്ടിയും റോഡുമായുള്ള അകലം പാലിച്ചില്ലെന്ന കാരണത്തിന്റെ പേരിലുമൊക്കെ അപേക്ഷകൾ നിരസിക്കപ്പെടുന്നു. നിസാര കാരണങ്ങൾക്കു പോലും അപേക്ഷകൾ തള്ളുന്ന സാഹചര്യം ഇവിടെയുമുണ്ട്. ഇത്തരത്തിൽ തള്ളിയ അപേക്ഷകൾ പിന്നീട് അദാലത്തുകളിൽ ഇതേ ഉദ്യോഗസ്ഥർ തന്നെ അനായാസം പാസാക്കി നൽകുന്നതിന്റെ വൈചിത്ര്യം ആർക്കും പിടികിട്ടുന്നില്ല. നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ട എൻജിനീയറിംഗ് സെക്ഷനെതിരെ പരാതികൾ വ‌ർദ്ധിച്ചതോടെ മേയർ മുൻകൈയ്യെടുത്താണ് അദാലത്തുകൾ ആരംഭിച്ചത്. എന്നാൽ സാധാരണക്കാരുടെ പരാതികൾക്ക് പരിഹാരം കാണാനെന്ന പേരിൽ നടത്തുന്ന അദാലത്തുകളിലും വൻകിടക്കാരുടെ അപേക്ഷകളാണ് പരിഗണിക്കപ്പെടുന്നതെന്നാണ് ആക്ഷേപം.

ഒരു കുലുക്കവുമില്ല

ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയോടെ നഗരസഭാ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും അദാലത്തുകൾ ഊർജിതപ്പെടുത്താൻ വകുപ്പ് മന്ത്രി നിർദേശിക്കുകയും ചെയ്തെങ്കിലും തിരുവനന്തപുരം നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗത്തിന് ഒരു കുലുക്കവുമില്ല. കെട്ടിട നിർമ്മാണത്തിന് അനുമതി തേടി നൽകുന്ന അപേക്ഷകളിൽ ജീവനക്കാരെ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോകാനും അനുമതി പത്രം നൽകാനുമൊക്കെയായി കൈക്കൂലി ചോദിക്കുന്ന ചില ഉദ്യോഗസ്ഥരുമുണ്ട്. സോണൽ ഓഫീസുകളുടെ കാര്യവും വ്യത്യസ്തമല്ല. സേവനാവകാശ നിയമപ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റിന് 30 ദിവസവും കൈവശാവകാശത്തിന് രണ്ടാഴ്ചയുമാണ് സമയപരിധി. എന്നാൽ, കുറിയെഴുതി താഴോട്ടും മുകളിലോട്ടും മാസങ്ങളായി തട്ടിക്കളിക്കുന്ന അപേക്ഷകൾ അനവധിയാണ് ഇവിടെ.

ഫയലുകൾ പൂഴ്ത്തും സ്വന്തക്കാർക്ക് അനുമതിയും വേണ്ട

ചട്ടം ലംഘിച്ച് നിർമ്മിച്ചതിന്റെ പേരിൽ പൊളിച്ചുമാറ്റാൻ തീരുമാനിച്ച കെട്ടിടങ്ങൾ അനവധിയുണ്ടെങ്കിലും ഇവയുടെയൊന്നും ഫയലുകൾ പിന്നീട് പുറം ലോകം കാണില്ല. നഗരസഭയിൽ ഇത്തരം ഫയലുകൾ മുക്കാൻ തന്നെ വിരുതൻമാരായ ചിലരുണ്ട്. ഉത്തരവാകുന്ന ദിവസംതന്നെ ഇത്തരം ഫയലുകൾ പൊന്താത്ത വിധം ചവിട്ടിതാഴ്ത്താൻ വിദഗ്ദ്ധരാണ് ഇവർ. ഭരണ, രാഷ്ട്രീയ സ്വാധീനമുള്ളവർ തന്നിഷ്ടപ്രകാരം നിരവധി നിർമ്മാണ പ്രവ‌ർത്തനങ്ങൾ നടത്തുന്നുണ്ട്. ഇത്തരം നിർമ്മാണങ്ങൾക്ക് നോട്ടീസ് നൽകാനോ നിറുത്തിവയ്പ്പിക്കാനോ നഗരസഭയിൽ നിന്ന് ശക്തമായ നടപടികളോ ഇടപെടലുകളോ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.