ആറ്റിങ്ങൽ: വൺവേയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. ആറ്റിങ്ങൽ ടൗണിലെ പ്രധാന പാതകൾ ഉൾപ്പെടെ പല റോഡുകളിലും അനധികൃത പാർക്കിംഗ് വ്യാപകമാകുമ്പോൾ അപകടങ്ങളും മരണങ്ങളും വർദ്ധിക്കുകയാണ്. വീരളം ആറ്റിങ്ങൽ റോഡിലെ ഡയറ്റ് സ്കൂളിന് പുറകുവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നത്. വൺവേയുടെ ഒരു വശത്ത് സ്വകാര്യ ബസുകളും ലോറികളും പാർക്ക് ചെയ്യുന്നതിനാൽ പിറകിലൂടെ വരുന്ന വാഹനം കാണാതെ കാൽനട യാത്രക്കാർ ക്രോസ് ചെയ്ത് എത്തുന്നത് പലപ്പോഴും അപകടത്തിലേക്കാണ്. കൂടാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഇടയിലൂടെ കാൽനടയാത്രക്കാർ പെട്ടെന്ന് ക്രോസ് ചെയ്യുന്നത് ഡ്രൈവർമാർക്ക് കാണാനും കഴിയില്ല. കഴിഞ്ഞദിവസം ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കഠിനംകുളം സ്വദേശിയായ യുവതിയുടെ മരണത്തിന് ഇടയാക്കിയത് ഇവിടത്തെ അനധികൃത പാർക്കിംഗാണ്. കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിന് പിറകുവശത്ത് ഇടിച്ചതിനെ തുടർന്ന് തെറിച്ച് വീണ യുവതിയുടെ ശരീരത്തിൽ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. റോഡിന്റെ വലതുവശത്ത് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് കയറാറുണ്ട്. അങ്ങനെ കയറുന്നുണ്ടോയെന്ന് ശ്രദ്ധിച്ച് ഒാടിച്ച കെ.എസ്.ആർ.ടി.സി ബസാണ് ഇവിടെ അപകടം വിതച്ചതും ഒരാളുടെ ജീവൻ അപഹരിച്ചതും. ഗേൾസ് ഹൈസ്കൂൾ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും, ആറ്റിങ്ങൽ വൺവേയിൽനിന്നും വീരളം ജംഗ്ഷനു മുന്നിൽ തിരിഞ്ഞുവരുന്ന വാഹനങ്ങളും ആകുമ്പോൾ ആകെ കുരുക്കാകും. സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ പാർക്കു ചെയ്യാൻ അനുവദിക്കാത്തതിനാൽ ഇടമുള്ള സ്ഥലങ്ങളിൽ അനധികൃത പാർക്കിംഗ് നടത്തിയാണ് ബസുകൾ ഷെഡ്യൂൾ ക്രമപ്പെടുത്തുന്നത്. ഇത് യാത്രക്കാർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.