ആ കിടപ്പിൽത്തന്നെ തങ്കപ്പൻ എല്ലാം പറഞ്ഞു:
''മറ്റൊന്നുകൊണ്ടും അല്ല സാറന്മാരേ ഞാൻ അങ്ങനെ ചെയ്തത്. ഒരുപാട് ശവശരീരങ്ങൾ കത്തിച്ചിട്ടുണ്ട് ഞാൻ. ഈ റഷീദും അക്‌ബറും കൊന്ന് കൊണ്ടുവന്നിട്ടുള്ളവരെ വരെ... പക്ഷേ ജീവനോടെ ഒരാളെ... സത്യമായിട്ടും മനസ് വന്നില്ല സാർ... അതാ ഞാൻ."
കുറ്റപ്പെടുത്തും പോലെ സി.ഐ ഋഷികേശ് പരുന്ത് റഷീദിനെയും അണലി അക്ബറെയും നോക്കി.
''എടാ. ഒരു പണിയേറ്റാൽ അത് വെടിപ്പായി ചെയ്യാൻ പഠിക്കണം. ശവത്തിൽ നിന്നു പോലും സത്യം വേർതിരിച്ചെുക്കുന്ന കാലമാ...."
പരുന്തിന്റെയും അണലിയുടെയും തല കുനിഞ്ഞു.
''ഞങ്ങൾ ശരിക്കു ശ്രദ്ധിച്ചതാ സാറേ... അയാൾ മരിച്ചെന്നു തന്നെയാ വിചാരിച്ചത്."
ചിന്തയോടെ ഋഷികേശ് തല കുടഞ്ഞു.
''ങ്‌ഹാ. വന്നതു വന്നു. നിങ്ങള് ഇവനെയൊന്ന് പൊക്കിയിരുത്ത്."
അണലിയും പരുന്തും കൂടി തങ്കപ്പനെ വീണ്ടും ഉയർത്തി കസേര നേരെയാക്കി ഇരുത്തി.
''ഇപ്പോഴത്തെ അവന്റെ കണ്ടീഷൻ എന്താടാ? അലിയാരുടെ?"
ഋഷികേശിന്റെ നോട്ടം തങ്കപ്പന്റെ കണ്ണുകളിൽ തറഞ്ഞു.
''ജീവിച്ചിരിക്കുന്നു എന്നേയുള്ളു സാറേ.. ഒന്നും ഓർമ്മയില്ല. താൻ ആരാണെന്നോ എന്താ സംഭവിച്ചതോ എന്നു പോലും."
''വൈദ്യൻ എന്തു പറഞ്ഞു?"
കിടാവ് ഇടയ്ക്കു തിരക്കി.
തങ്കപ്പൻ കള്ളം പറഞ്ഞു:
''പഴയ രീതിയിലേക്ക് തിരിച്ചു വരണമെങ്കിൽ വല്ല അത്ഭുതവും നടക്കണമെന്ന്..."
എല്ലാവർക്കും അല്പ ആശ്വാസം.
ഋഷികേശിനു പക്ഷേ സംശയം തീരുന്നില്ല.
''പിന്നെന്താ അയാളെ സ്വന്തം വീട്ടിലേക്കു അയയ്ക്കാത്തത്?"
''അത് ഞാൻ പറഞ്ഞിട്ടാ സാറേ..." ഞരക്കത്തോടെ തങ്കപ്പൻ ഒന്ന് ഇളകിയിരുന്നു.
അയാളുടെ നെഞ്ചിലും വയറ്റത്തും കഠിനമായ വേദന.
തങ്കപ്പൻ തുടർന്നു:
''വീട്ടിലേക്കു പറഞ്ഞയച്ചാൽ അലിയാർ സാറിന് എന്തുപറ്റിയെന്നും അദ്ദേഹത്തെ വൈദ്യരുടെ അരുകിലെത്തിച്ചത് ആരാണെന്നുമുള്ള അന്വേഷണം ഉണ്ടാവില്ലേ? വൈദ്യർ എന്റെ പേരു പറഞ്ഞുകൊടുക്കും. എന്നിലൂടെ അന്വേഷണം റഷീദീലും അക്‌ബറിലും എത്തില്ലേ..."
തങ്കപ്പൻ പറയുന്നതിൽ യുക്തിയുണ്ടെന്നു തോന്നി ഋഷികേശിനും ശ്രീനിവാസ കിടാവിനും.
''എങ്കിൽ.... " ഋഷികേശ് നിർദ്ദേശിച്ചു. ''അലിയാരുടെ ഓരോ വിവരവും നീ ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കണം. നമ്മുടെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് നിന്റെ ഭാര്യയെങ്കിലും അറിഞ്ഞാൽ.. നീ ജോലി ചെയ്യുന്ന അതേ ഗ്യാസ് ക്രിമിറ്റോറിയത്തിൽ വച്ച് നിന്നെ ഞങ്ങള് കത്തിക്കും. ജീവനോടെ. പിന്നെ ജീവിക്കാൻ നിന്റെ ഭാര്യയ്ക്ക് ശരീരം വിൽക്കേണ്ടിവരും. നിന്റെ മക്കൾ വഴിനീളെ ഇരക്കും. നരകത്തിൽ പോകുന്ന നിന്റെ ആത്മാവിന് അതൊക്കെ കണ്ട് കരയാനേ നേരമുണ്ടാകൂ...."
തങ്കപ്പൻ ഒന്നുലഞ്ഞു.
''ഞാൻ ആരോടും ഒന്നും പറയത്തില്ല സാറേ...."
ഋഷികേശ് കടുപ്പിച്ചു മൂളി.
എം.എൽ.എ കിടാവ് പെട്ടെന്ന് രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്ത് മടക്കി തങ്കപ്പന്റെ പോക്കറ്റിൽ വച്ചുകൊടുത്തു.
''നീ മരുന്ന് വാങ്ങിക്ക്. ആരെങ്കിലും ചോദിച്ചാൽ വീണതാണെന്നു പറഞ്ഞാൽ മതി."
നിസ്സഹായതയോടെ തങ്കപ്പൻ തലയാട്ടി.
കിടാവ് പരുന്തു റഷീദിനും അണലി അക്ബർക്കും നേരെ തിരിഞ്ഞു.
''ഇവനെ എവിടെനിന്നു പിടിച്ചോ അവിടെത്തന്നെ കൊണ്ടുവിട്ടേര്."
''ശരി സാർ.."
അവർ തങ്കപ്പനെയും കൂട്ടി പോയി.
ആ സമയം വടക്കേ കോവിലകത്ത് തനിച്ചായിരുന്നു ചന്ദ്രകല. പെട്ടെന്നു വരാം എന്നു പറഞ്ഞ് പോയതാണ് പ്രജീഷ്.
മഴ കുറഞ്ഞിരുന്നില്ല.
മഴ കാരണമാകും സെൽഫോണിന് റേഞ്ചുമില്ല.
അവൾക്ക് അല്പം ഉൾഭയം തോന്നി.
എട്ടുകെട്ടിന്റെ നടുമുറ്റങ്ങളിൽ മുട്ടിനു മുകളിൽ വെള്ളമുണ്ട്.
ചന്ദ്രകല കത്തിച്ചുവച്ച എമർജൻസി ലാംപിന്റെ വെളിച്ചത്തിൽ ഓടിൽ നിന്ന് ധാരമുറിയാതെ വീഴുന്ന വെള്ളം വെള്ളിനൂലുകൾ പോലെ തോന്നിച്ചു.
തന്റെ ബഡ്‌റൂമിന്റെ വാതിൽ തുറന്നിട്ട് നടുമുറ്റത്തെ മഴയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ചന്ദ്രകല...
മഴ എന്നും അവൾക്ക് ഇഷ്ടമായിരുന്നു.
അത്തരം ഒരു മഴയുള്ള ദിവസമായിരുന്നു രാമഭദ്രനുമായി അവൾ ശരീരം പങ്കിട്ടതും.
ആ ഓർമ്മ അവളെ പൊതിഞ്ഞു.
ആ നിമിഷമാണ് അവൾ വസുന്ധരയെ വകവരുത്തണം എന്നു തീരുമാനിച്ചതും.
അവളുടെ ഓർമ്മയെ ഞെട്ടിച്ചുകൊണ്ട് പെട്ടെന്ന് നടുമുറ്റത്ത് ഒരിളക്കം.
വെള്ളം ചുറ്റും ചിതറിത്തെറിക്കുന്നു...
ആരോ കൈക്കുമ്പിളിൽ കോരി ചുറ്റും ചെപ്പുന്നതുപോലെ...
കുളത്തിൽ കൊച്ചുകുട്ടികൾ ചാടിമറിയുന്നതുപോലെ...
അതല്ലെങ്കിൽ ഒരു ചീങ്കണ്ണി വെള്ളത്തിൽ വാൽ കൊണ്ട് ആഞ്ഞാഞ്ഞ് അടിക്കുന്നതു പോലെ...
ചന്ദ്രകല ചാടിയെഴുന്നേറ്റു.
(തുടരും)