വെള്ളിയാഴ്ച ഹരിപ്പാട്ട് റവന്യൂ ടവറിന്റെയും പൊലീസ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ നാട് ഒന്നടങ്കം ഭയപ്പെടുന്ന ചുവപ്പുനാടയെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഒാഫീസുകളെ സമീപിക്കേണ്ടിവരുന്ന പൊതുജനങ്ങൾക്ക് എങ്ങനെ സേവനം നിഷേധിക്കാമെന്നതിലാണ് ചില ഉദ്യോഗസ്ഥർ ഗവേഷണം നടത്തുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഒട്ടും അതിശയോക്തിപരമല്ല. അപേക്ഷ നൽകി അനന്തമായി കാത്തിരിക്കുന്നവരെല്ലാം ഒരിക്കലെങ്കിലും ആ മനഃക്ളേശം അനുഭവിച്ചിട്ടുള്ളവരാണ്. അപേക്ഷയിൽ പറയുന്ന ആവശ്യം എങ്ങനെ സാധിച്ചു കൊടുക്കാതിരിക്കാമെന്നായിരിക്കും ചില ഉദ്യോഗസ്ഥർ നോക്കുക. ഒന്നോ രണ്ടോ മണിക്കൂറിനകം നിവൃത്തിച്ചു കൊടുക്കാവുന്ന സേവനം പോലും ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ചെയ്യുന്നതാണ് പതിവ്. സേവനങ്ങൾ വൈകുന്തോറും അഴിമതിയും വളർന്നുകൊണ്ടിരിക്കും. സർക്കാർ ഒാഫീസുകളിലെ ചുവപ്പുനാട വരുത്തിവയ്ക്കാറുള്ള വിനകൾ എല്ലാക്കാലത്തും ഭരണത്തിലിരിക്കുന്ന സർക്കാരുകൾക്ക് ഒട്ടൊന്നുമല്ല ദുഷ്പ്പേരുണ്ടാക്കുന്നത്. ചുവപ്പുനാട അഴിക്കാൻ മാറിമാറി അധികാരത്തിൽ വരുന്ന സർക്കാരുകൾ ഭഗീരഥ പ്രയത്നം നടത്താറുണ്ട്. എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ സർക്കാരും അതൊക്കെ മറക്കും. ഉദ്യോഗസ്ഥർ നയിക്കുന്ന വഴിയേ സർക്കാർ നീങ്ങുക എന്നാകും സ്ഥിതി. ബ്രിട്ടീഷ് ഭരണാധികാരികൾ അവശേഷിപ്പിച്ചുപോയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവിധ രൂപങ്ങളിൽ സിവിൽ സർവീസിൽ കുടിയൊഴിയാതെ തുടരുകയാണ്. സേവനം വച്ചു താമസിപ്പിക്കുന്നവരെയും അതിനായി കൈക്കൂലി ആവശ്യപ്പെടുന്നവരെയും കുരുക്കാൻ നിയമമുണ്ടെങ്കിലും വല പൊട്ടിച്ച് എങ്ങനെയും പുറത്തു ചാടാനുള്ള കഴിവ് നേടിയവർ ധാരാളമാണ്. അഴിമതി അനുവദിക്കില്ലെന്ന് ഭരണാധികാരികൾ കൂടക്കൂടെ പറയാറുണ്ട്. എന്നാൽ അർബുദം പോലെ അഴിമതിയും കൈക്കൂലിയും സിവിൽ സർവീസിന് ഒപ്പംതന്നെ ഉണ്ട്. ജീവിക്കാൻ മതിയായ തോതിലുള്ള ശമ്പളം ലഭ്യമാക്കിയിട്ടും ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം അഴിമതിക്ക് പിറകെ പോകുന്നുണ്ട്. ഇത്തരക്കാർക്കുള്ള സ്ഥാനം ഇരുമ്പഴിക്കുള്ളിലായിരിക്കുമെന്ന് മുഖ്യമന്ത്രി ഒാർമ്മിപ്പിച്ചിട്ടുണ്ട്. അഴിമതിക്കാർക്കും കൈക്കൂലിക്കാർക്കുമെതിരെ മുഖം നോക്കാതെ സ്വീകരിക്കുന്ന ഉറച്ച നടപടികളിലൂടെയാണ് ഇൗ പ്രതിജ്ഞ നിറവേറ്റേണ്ടത്.
പൊതുജനങ്ങളോടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സമീപനത്തിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമായി വന്നിട്ടുണ്ട്. അതുപോലെ പ്രധാനമാണ് കാര്യങ്ങൾ പരമാവധി വേഗത്തിലാക്കാൻ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും അവശ്യം വരുത്തേണ്ട ഭേദഗതികൾ. സാധാരണക്കാരെ വലയ്ക്കുന്നതാണ് നടപടിക്രമങ്ങളിൽ പലതും. മനുഷ്യർ ഏറ്റവുമധികം സമീപിക്കേണ്ടിവരുന്ന റവന്യൂ ഒാഫീസുകളിലും തദ്ദേശസ്ഥാപനങ്ങളിലും അനുഭവപ്പെടുന്ന കാലതാമസവും ക്രമക്കേടുകളും എവിടെയും ഇന്ന് ചർച്ചാവിഷയമാണ്. വിവിധ അനുമതി പത്രങ്ങൾക്കായി അനവധി തവണ കയറിയിറങ്ങേണ്ടിവരുന്നു. എളുപ്പം ലഭ്യമാക്കാവുന്ന സർട്ടിഫിക്കറ്റുകൾ പോലും വച്ചുതാമസിപ്പിച്ച ശേഷമേ നൽകൂ എന്ന് പിടിവാശി കാട്ടുന്നവരുണ്ട്. അതേസമയം കൈക്കൂലിയോ ശുപാർശയോ കൊണ്ട് ക്ഷിപ്രവേഗത്തിൽ അവ നേടുന്നവരും കുറവല്ല. അപേക്ഷ സമർപ്പിച്ചാൽ സേവനം എന്നു ലഭിക്കുമെന്നു കാണിച്ച് രസീത് നൽകുന്ന സമ്പ്രദായം ഇടക്കാലത്ത് ഏർപ്പെടുത്തിയിരുന്നു. പല ഒാഫീസുകളിലും ഇപ്പോൾ അത് കാണാറില്ല. സേവനാവകാശ പട്ടിക രേഖപ്പെടുത്തിയ ബോർഡും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
തളിപ്പറമ്പിൽ പ്രവാസി വ്യവസായി സാജൻ ചുവപ്പുനാടയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്. ഇതുപോലെ എത്രയോ പേരെ ഉദ്യോഗസ്ഥർ ചുവപ്പുനാടയിൽ കുരുക്കി പരലോകത്തേക്ക് അയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ പിണക്കാതെ നോക്കിയില്ലെങ്കിൽ അനുഭവം തിക്തമായിരിക്കും. തളിപ്പറമ്പിലെ ആന്തൂർ നഗരസഭയിലും അതാണ് കണ്ടത്. നഗരസഭാ അദ്ധ്യക്ഷയുടെ അപ്രീതിക്ക് പാത്രമായ പ്രവാസി വ്യവസായിക്ക് കൺവെൻഷൻ സെന്റർ തുറക്കാനാവശ്യമായ അനുമതിപത്രങ്ങൾ ലഭിച്ചില്ല. 'ഞാൻ ഇൗ കസേരയിൽ ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കുമെന്ന് കരുതേണ്ട" എന്നായിരുന്നുവത്രെ നഗരസഭാ അദ്ധ്യക്ഷയുടെ ധാർഷ്ട്യം നിറഞ്ഞ നിലപാട്. പ്രവാസിയുടെ ആത്മഹത്യയെത്തുടർന്ന് അദ്ധ്യക്ഷയുടെ കസേരയും ഏത് സമയവും തെറിച്ചേക്കുമെന്നത് വിധി വിളയാട്ടമാകാം. അധികാര ഗർവോടെ പൊതുജനങ്ങളോട് ഇടപെടുന്ന ഇതുപോലുള്ളവർ സർക്കാർ ഒാഫീസുകളിൽ അപൂർവമൊന്നുമല്ല. സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസന്മാരെന്നാണ് പറയാറുള്ളതെങ്കിലും ഫലത്തിൽ ജനങ്ങൾ ദാസന്മാരും ഉദ്യോഗസ്ഥർ യജമാനന്മാരുമാണ്.
പ്രവാസി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതിയും ചുവപ്പുനാടക്കുരുക്ക് സൃഷ്ടിക്കുന്ന വിനകളിലേക്കാണ് കഴിഞ്ഞദിവസം വിരൽചൂണ്ടിയത്. ചുവപ്പുനാടയുടെ കുരുക്കിൽപ്പെടുത്തി അപേക്ഷകർക്ക് നീതി നിഷേധിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റംതന്നെയാണെന്നും കോടതി ഒാർമ്മിപ്പിക്കുകയുണ്ടായി. സമൂഹത്തെ നടുക്കുന്ന ഇതുപോലുള്ള ദുരന്ത സംഭവങ്ങളുണ്ടാകുമ്പോഴാണ് സർക്കാർ ഒാഫീസുകളിൽ നടമാടുന്ന ജനവിരുദ്ധ സമീപനത്തെയും ചുവപ്പുനാടാ വിപത്തിനെയും കുറിച്ച് പൊതുചർച്ചകൾ ഉയരാറുള്ളത്. ഇത്തരം ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും ചുവപ്പുനാടയിൽ അഭിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആത്മപരിശോധനയ്ക്ക് നിമിത്തമായെങ്കിൽ എന്ന് ആശിക്കുകയാണ്.