തിരുവനന്തപുരം : റോഡിന് കുറുകെ താഴ്ന്നുകിടന്ന വൈദ്യുതി കമ്പി കഴുത്തിൽ തട്ടി യുവാവിന് പൊള്ളലേറ്റു. പള്ളിത്തുറ പുതുവൽ പുരയിടത്തിൽ ബെന്നി ജോജി (18 ) യ്ക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ശാന്തിനഗർ ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം. വെൽഡിംഗ് തൊഴിലാളിയായ ബെന്നി തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വെൽഡിംഗ് മെഷീൻ എടുത്തുകൊണ്ട് പോകുമ്പോഴാണ് സംഭവം. രാത്രിയിൽ പണി നടക്കുന്ന സ്ഥലത്തേക്ക് കൂട്ടുകാരന്റെ ബൈക്കിന് പിറകിലിരുന്ന് പോകവേയാണ് സംഭവം ഉണ്ടായത്. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡിന് കുറുകെ വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . കണ്ടയുടൻ ബൈക്ക് ഓടിച്ച സുഹൃത്ത് കുനിയുകയും പിറകിലിരുന്ന ബെന്നി ജോസഫിന്റെ കഴുത്തിൽ സ്പർശിക്കുകയായിരുന്നു. ശരീരത്തിലാകെ തരിപ്പ് ഉണ്ടായതോടെ ബെന്നി പിറകിലേക്ക് ശരീരം വളയ്ക്കുകയും കമ്പി കഴുത്തിൽ നിന്ന് ഇളകിമാറുകയും ചെയ്തു. കഴുത്തിൽ പൊള്ളലേറ്റ ബെന്നിയെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സംഭവം നടന്നതിന് പിന്നാലെ കുളത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞതിന് ശേഷമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് ബെന്നിയുടെ സഹോദരൻ ബെർട്ടിൻ പറഞ്ഞു.