തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി മടക്കിയയച്ചു. ഇതുമായി ബന്ധപ്പെട്ട് നാലു ചോദ്യങ്ങൾ ഉന്നയിച്ചാണ് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുഖ്യമന്ത്രി ഫയൽ മടക്കിയത്.ഫയൽ കേന്ദ്രത്തിലെത്തണമെങ്കിൽ മുഖ്യമന്ത്രിയുടെ ക്ളിയറൻസ് വേണം.
നാളികേര വികസന ബോർഡ് ചെയർമാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന രാജു നാരായണസ്വാമിയുടെ ഡെപ്യൂട്ടേഷൻ കാലാവധി നേരത്തേ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം അതിനെതിരെ കേസിനു പോയോ, ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോ, ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിന് കത്തു നൽകിയിട്ടുണ്ടോ, കോൺഫിഡൻഷ്യൽ റെക്കാർഡിലെ പ്രതികൂല പരാമർശങ്ങൾ നീക്കാൻ സ്വാമി അപ്പീൽ നൽകിയിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. സമിതിയുടെ മറുപടി ലഭിച്ചതിനു ശേഷം ശുപാർശ വീണ്ടും പരിശോധിക്കും.
സ്വാമിയുടെ അക്കാഡമിക് മികവ് അംഗീകരിക്കേണ്ടതാണെങ്കിലും ഭരണതലത്തിലെ പ്രകടനം മോശമാണെന്നാണ് അഞ്ച് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതി വിലയിരുത്തിയത്. അവസാനത്തെ ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ മന്ത്രി വി.എസ്.സുനിൽകുമാർ 91മാർക്ക് നൽകിയിട്ടുണ്ടെങ്കിലും മുൻകാല റിപ്പോർട്ടുകൾ മെച്ചമല്ല.
ഒന്നോ രണ്ടോ വർഷത്തെ റിപ്പോർട്ട് നോക്കിയല്ല ഐ.എ.എസ് ഉദ്യോഗസ്ഥനെ വിലയിരുത്തേണ്ടതെന്നും മൊത്തം സേവനമാണ് പരിഗണിക്കേണ്ടതെന്നും ഇന്നലെ ചീഫ്സെക്രട്ടറി മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിലുണ്ട്. മോശം പ്രകടനം ചൂണ്ടിക്കാട്ടി യു.ഡി.എഫ് ഭരണകാലത്ത് സ്വാമിയെ പിരിച്ചുവിടാൻ സ്ക്രീനിംഗ് സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും കേന്ദ്രത്തിന് അയച്ചിരുന്നില്ല. അന്നത്തെ പിഴവുകൾ സ്വാമി തിരുത്തിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
അഖിലേന്ത്യാ സർവീസ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി സർവീസിൽ നിലനിറുത്തണോ നിർബന്ധിത വിരമിക്കൽ നൽകണമോ എന്ന് കേന്ദ്രത്തിന് തീരുമാനിക്കാം. അതേസമയം, ഇതുവരെ വിജിലൻസ് അന്വേഷണത്തിനോ വകുപ്പുതല നടപടിക്കോ വിധേയനായിട്ടില്ലെന്നത് സ്വാമിക്ക് സഹായകമാകും. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ ടി.പി.സെൻകുമാറിന്റെ കേസിൽ പൂർണ സർവീസ് കാലയളവ് സുപ്രീംകോടതി അവലോകനം ചെയ്തിരുന്നു. ഇതിലൂടെ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ തന്നെ ഒതുക്കിയെന്ന് കോടതിയിൽ തെളിയിക്കാൻ സെൻകുമാറിനായി.
ഇനി ഇങ്ങനെ:
1) ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പുവച്ചാലേ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കാനാവൂ
2) ഉദ്യോഗസ്ഥന് നോട്ടീസ് നൽകുകയും മറുപടി, സമിതി റിപ്പോർട്ടിന്റെ ഭാഗമാക്കുകയും വേണം
3) കേന്ദ്രത്തിലെ പരിശോധനയ്ക്കു ശേഷം നടപടി ശുപാർശയോടെ ഫയൽ പ്രധാനമന്ത്രിക്ക് അയയ്ക്കണം
4) പ്രധാനമന്ത്രിയുടെ ഓഫീസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്, തീരുമാനം രാഷ്ട്രപതി അംഗീകരിക്കണം
5) രാഷ്ട്രപതിക്ക് അപ്പീൽ നൽകാൻ ഉദ്യോഗസ്ഥന് അവസരം നൽകും
7) അപ്പീൽ എതിരായാൽ സുപ്രീംകോടതിയെ സമീപിക്കാനും കഴിയും
സ്വാമിക്കുള്ള പിടിവള്ളി
രണ്ട് ചീഫ് സെക്രട്ടറിമാർക്കെതിരെ അഴിമതി ആരോപിച്ചതിന് പ്രതികാരം തീർക്കുകയാണെന്ന് വാദിക്കാം. ഭരണപരാജയമെന്ന ആരോപണത്തിനു മറുപടിയായി മറ്റു മേഖലകളിലെ മികവ് ചൂണ്ടിക്കാട്ടാം. രണ്ട് പിഎച്ച്.ഡി നേടിയതും കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചതും വിശദീകരിക്കാം. കോമ്പറ്റിഷൻ ആക്ട്, ഡിസാസ്റ്റർ ആൻഡ് റിക്കവറി, മാനേജ്മെന്റ് ആൻഡ് കോർപറേറ്റ് ലാ, ബൗദ്ധിക സ്വത്തവകാശനിയമം, സംരംഭകത്വം, സൈബർ നിയമം തുടങ്ങിയവയിലെ വെെദഗ്ദ്ധ്യം ചൂണ്ടിക്കാട്ടാം.
ശുപാർശ അംഗീകരിക്കാതിരിക്കാൻ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കും. പിഴവുകളുണ്ടായിട്ടില്ലെന്ന് ഉറപ്പാക്കും. കേന്ദ്രത്തിന് അയയ്ക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.
- മുഖ്യമന്ത്രിയുടെ ഓഫീസ്
സ്വാമിക്കെതിരെ നടപടിയെടുത്തിട്ടില്ല. പുറത്താക്കാൻ സർക്കാർ നോട്ടീസ് കൊടുത്തിട്ടില്ല. അഴിമതിവിരുദ്ധ പ്രതിച്ഛായ ഉള്ളയാളാണ് സ്വാമി. വിഷയത്തിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കേണ്ടതില്ല.''
- വി.എസ്.സുനിൽകുമാർ
കൃഷി മന്ത്രി