മഴക്കാലത്ത് പകർച്ച വ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്. ഇതു കണക്കിലെടുത്ത് പരിസര ശുചീകരണത്തിലും ശ്രദ്ധവേണം. കൊതുകുകളും ഈച്ചകളും പെരുകുന്നതിന് ഇടവരുത്തുന്ന സാഹചര്യം ഒഴിവാക്കുക. ഗുൽഗുലു, ആര്യവേപ്പില, വെളുത്തുള്ളി, കുന്തിരിക്കം എന്നിവ കൊതുകുകടി തടയാൻ പുകയ്ക്കുക. മുറിവ് പറ്റിയ ശരീരഭാഗങ്ങളിൽ മലിനജലം തട്ടാതെ നോക്കുക.
വർഷകാലത്ത് വിവിധതരം പനികൾ വരാറുണ്ട്. ചികിത്സകൾ നിർദ്ദേശിക്കുന്നതിന് മുമ്പ് രോഗത്തെ കൃത്യമായി അറിഞ്ഞിരിക്കണം. രോഗലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
എലിപ്പനി: മാംസപേശികളിലും ഇടുപ്പിലും കണങ്കാലിലും ശക്തമായ വേദന, കണ്ണുകൾക്ക് ശക്തിയായ വേദന, പെട്ടെന്നുള്ള തലവേദന, വിറയലോടു കൂടിയ കടുത്ത പനി, മഞ്ഞപ്പിത്തം.
ഡെങ്കിപ്പനി: പെട്ടെന്നുള്ള തീവ്രമായ പനി, രുചിയില്ലായ്മ, ഓക്കാനം, ഛർദ്ദി, ശരീരത്തിൽ തടിപ്പ്, ചർമ്മത്തിലുണ്ടാകുന്ന രക്തസ്രാവം, തലവേദന, കണ്ണ് വേദന, പേശികൾക്കും സന്ധികൾക്കും വേദന.
ചിക്കൻഗുനിയ: പെട്ടെന്നുണ്ടാകുന്ന പനി, രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ, സന്ധിവേദന, ചർമ്മത്തിൽ ചുവന്നപാടുകൾ, തലവേദന, വെള്ളത്തിലേക്ക് നോക്കാൻ പ്രയാസം, കാലുകളിൽ നീര്
എച്ച് 1എൻ 1: തൊണ്ടവേദന, ചുമ, തലവേദന, മൂക്കൊലിപ്പ്, തുമ്മൽ, പേശികളിലും സന്ധികളിലും വേദന.
മലമ്പനി: ഇടവിട്ടുള്ള പനി, വിയർക്കൽ, കുളിര്, വിറയൽ, ശരീരവേദന, ക്ഷീണം.
ജലദോഷ പനി: കഠിനമായ പനി ഉണ്ടാകില്ല. തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, തൊണ്ടയിൽ കിരുകിരിപ്പ്, വരണ്ട ചുമ, ക്ഷീണം.
ഡോ. ഇറിന എസ്. ചന്ദ്രൻ,
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്
ഫോൺ 9544657767