ഉള്ളൂർ: മെഡിക്കൽ കോളേജ് കാമ്പസിൽ ഭാഗികമായി കത്തിയ കൈപ്പത്തി കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10 മണിയോടെ കാമ്പസിലെ പൂന്തോട്ടത്തിലാണ് പുരുഷന്റെ ഇടത് കൈപ്പത്തി മെഡിക്കൽ വിദ്യാർത്ഥികൾ കണ്ടെത്തിയത്. തുടർന്ന് ഈ വിവരം സുരക്ഷാജീവനക്കാരെ അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസർ ബാബു പ്രദീപ് നടത്തിയ അന്വേഷണത്തിൽ വിഷയം സ്ഥിരീകരിച്ചതോടെ വിവരം മെഡിക്കൽകോളേജ് പൊലീസിനെ അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായി ലഭ്യമാക്കുന്ന ശരീരാവയവമാകാനാണ് സാദ്ധ്യതയെന്നാണ് പ്രാഥമിക നിഗമനം. കൈപ്പത്തി അഴുകിയ നിലയിലല്ല. വർഷങ്ങളായി ഫോർമാലിൻ ലായനിയിൽ മുങ്ങിക്കിടന്നതിനെ തുടർന്ന് നിറവ്യത്യാസം വന്നതാകാമെന്ന് ഫോറൻസിക് വിഭാഗം സംശയം പ്രകടിപ്പിച്ചു. മെഡിക്കൽകോളേജിൽ അനാട്ടമി വിഭാഗത്തിലും പത്തോളജി വിഭാഗത്തിലും ശരീര അവയവങ്ങൾ ഇത്തരത്തിൽ ഫോർമാലിൻ ലായനിയിൽ സൂക്ഷിക്കാറുണ്ട്. വിദഗ്ദ്ധ പരിശോധന നടത്തി അവയവം ആരുടേതാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് പൊലീസ് നടത്തുന്നത്. കൈപ്പത്തിയിൽ അടങ്ങിയിരിക്കുന്ന ഫോർമാലിനിന്റെ അളവ്, കാലപ്പഴക്കം, തുടങ്ങി ഡി.എൻ.എ പരിശോധന വരെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷമാകും തുടർ നടപടി സ്വീകരിക്കുക. മെഡിക്കൽകോളേജ് ആശുപത്രിയിൽ പഠനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന അവയവമാണിതെന്നു തെളിഞ്ഞാൽ കോളേജിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽകോളേജ് സി.ഐ അരുൺ പറഞ്ഞു.