memala

വിതുര: പൊൻമുടി- തിരുവനന്തപുരം സംസ്ഥാന പാതയിൽ തോട്ടുമുക്കിൽ നിന്നും മേമല വഴി മാങ്കാലയിലേക്കുള്ള റോഡിലൂടെ യാത്രചെയ്യണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. റോഡ് നിറയെ കുണ്ടും കുഴിയുമാണ്. മഴ കൂടി പെയ്തതോടെ ഇപ്പോൾ റോഡ് നിറയെ മഴക്കുഴികൾ കൊണ്ട് നിറഞ്ഞു. വെള്ളം നിറഞ്ഞുകിടക്കുന്ന ഗട്ടറുകളിൽ വീണ് അപകടങ്ങൾ തുടർക്കഥയായിട്ടും യാതോരു നടപടിയും ഇല്ല. അപകടങ്ങളിൽ പരിക്കേറ്റ് നിരവധിപേരാണ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ വഴിയിലാകുന്നതും ഇവിടെ പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ പരാതി നൽകി, പല തവണ സമരവും നടത്തി. എന്നിട്ടും അധികൃതർ മൗനത്തിൽ തന്നെ. റോഡ് താറ് ചെയ്തിട്ട് പത്ത് വർഷത്തോളമായി. അറ്റകുറ്റപ്പണി നടത്തിയിട്ട് അഞ്ച് വർഷവും. ഓരോ വർഷവും റോഡ് തകർന്ന് കുണ്ടും കുഴിയും നിറയുന്നതല്ലാതെ റോഡ് പുനരുദ്ധാരണം നടത്താനോ ടാറ് ചെയ്യാനൊ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

മഴശക്തമായതോടെ റോഡിലെ കുഴികളെല്ലാം വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇതിൽ ആഴം കൂടിയതും കുറഞ്ഞതുമുണ്ട്. എന്നാൽ എത്രത്തോളം ആഴം ഉണ്ടാകുമെന്നത് യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അപകടങ്ങളും ഏറുന്നുണ്ട്. കാൽനട യാത്രപോലും ഇതുവഴി അസാദ്ധ്യമാണ്. ഒപ്പം റോഡിന്റെ ഇരുവശവും മൂടി കാട് വളർന്നതും റോഡ് പുറംപോക്ക് കൈയേറ്റവും കൂടി ആയതോടെ റോഡിന്റെ വശത്തുകൂടെയും യാത്രചെയ്യാൻ കഴിയില്ലി. ചുരിക്കത്തിൽ, ഈ റോഡിലൂടെ യാത്രചെയ്യാൻ കുഴിയിൽ ഇറങ്ങിയെ കഴിയു എന്നായി.

പേപ്പറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നവരിൽ ഭൂരിഭാഗം ആശ്രയിക്കുന്നത് മേമല മാങ്കാല റോഡിനെയാണ്. ഇതുവഴി യാത്രചെയ്ത് പേപ്പാറയിൽ എത്തുന്ന സഞ്ചരികൾ നടുവിന്റെ വേദനമാറാൻ മണിക്കൂറുകളോളം വിശ്രമിക്കണം. വിതുര ഗവ. ഹൈസ്കൂൾ,യു.പി.എസ്.തൊളിക്കോട് ഹൈസ്കൂൾ, വിതുര എം.ജി.എം സ്കൂൾ, ആനപ്പെട്ടിലെന, ചായം ഒാൾ സെയിന്റ്സ് സ്കൂൾ, ആനാട്, നെടുമങ്ങാട്, പെരിങ്ങമ്മല കോളേജുകൾ എന്നിവിടങ്ങളിലേക്കുമായി നൂറുകക്കണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പ്രധാന റോഡുകൂടിയാണിത്. ഇതുവഴിയുള്ള യാത്രകഴിയുമ്പോൾ വിദ്യാർത്ഥികളുടെ അവസ്ഥയും വിഭിന്നമല്ല.