നെടുമങ്ങാട് : ലാഭകരമല്ലാത്ത സർവീസുകൾ വെട്ടിക്കുറച്ചതിന്റെ പേരിൽ പ്രതിഷേധം കനക്കുന്നതിനിടെ, കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ ലക്ഷങ്ങളുടെ വരുമാന വർദ്ധന.

കോൺവോയ് ഒഴിവാക്കി നെടുമങ്ങാട് നിന്ന് തിരുവനന്തപുരത്തേയ്ക്കും തിരികെയും സർവീസുകൾ പുന;ക്രമീകരിച്ച് പുതിയ ക്രോണോളജി പ്രകാരം സർവീസുകൾ ആരംഭിച്ചതാണ് റെക്കാഡ് കളക്ഷൻ നേടിയത്. മലയോരമേഖലകളും ഒറ്റപ്പെട്ട മേഖലകളും അടക്കം 60 ശതമാനത്തിലധികവും ബൈ റൂട്ടുകളാണ് നെടുമങ്ങാട് യൂണിറ്റിന് കീഴിൽ വരുന്നത്. ഒരു നിശ്ചിത വരുമാനത്തിൽ കൂടുതൽ ഈ റൂട്ടുകളിൽ നിന്നും ലഭിക്കാറില്ല. ചീഫ് ഓഫീസിന്റെയും സോണൽ ഓഫീസിന്റെയും നിർദ്ദേശപ്രകാരം ലാഭകരമല്ലാത്ത ട്രിപ്പുകൾ ഒഴിവാക്കി കളക്ഷൻ ലഭിക്കുന്ന ബൈ റൂട്ടുകളിലാണ് അധികൃതർ കൂടുതൽ ശ്രദ്ധ നൽകിയിട്ടുള്ളത്.പുതുതായി 5 ചെയിൻ സർവീസുകളും (നെടുമങ്ങാട്,പുത്തൻപാലം,വെഞ്ഞാറമൂട്,ആറ്റിങ്ങൽ) ഗുരുവായൂരിലേക്ക് ഒരു സൂപ്പർ ഫാസ്റ്റ് സർവീസും ആരംഭിച്ചിട്ടുണ്ട്.നെടുമങ്ങാട് - കിഴക്കേകോട്ട റൂട്ടിൽ പേരൂർക്കട യൂണിറ്റിൽ നിന്ന് സർവീസ് നടത്തിയിരുന്ന ഐ.എസ്.ആർ.ഒ - മന്നൂർക്കോണം -പുലിപ്പാറ - ആനാട്, പരുത്തിക്കുഴി - കുറ്റിച്ചൽ ബസുകൾ നെടുമങ്ങാട് ഡിപ്പോയ്ക്ക് കൈമാറി കിട്ടിയിട്ടുണ്ട്. സുൽത്താൻബത്തേരി, പാലക്കാട്, ഗുരുവായൂർ, തൃശൂർ സൂപ്പർ ഫാസ്റ്റ് ബസുകൾ എവിടെ നിന്നും ഏത് സമയത്തും ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും ഡിപ്പോയിൽ പുരോഗമിക്കുകയാണ്.