rahul-gandhi

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുമ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികളുമായി രാഹുൽഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്ര കനത്ത തിരിച്ചടിയെ തുടർന്ന് ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ രാഹുൽഗാന്ധി ഭാരത യാത്രയ്ക്കൊരുങ്ങുന്നു എന്നാണ് വിവരം. ഇക്കാര്യം രാഹുൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി അനൗപചാരികമായി ചർച്ച ചെയ്തു എന്നാണ് സൂചന. 150 ദിവസത്തിലേറെ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനാണ് പരിപാടി. അതിൽ ഭൂരിഭാഗവും പദയാത്രയായിരിക്കും.

ചില സ്ഥലങ്ങളിൽ മാത്രം വാഹനത്തിലായിരിക്കും പര്യടനം. ചിലയിടങ്ങളിൽ ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനവും ഉപയോഗിക്കും. എല്ലാ സംസ്ഥാനങ്ങളിലൂടെയും യാത്ര നടത്തുന്നതുവഴി പാർട്ടിക്ക് നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കുകയാണ് ലക്ഷ്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യമിട്ടാവും യാത്ര സംഘടിപ്പിക്കുന്നത്.

ജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാൻ യാത്രയ്ക്ക് കഴിയുമെന്ന കണക്കുകൂട്ടലാണ് രാഹുൽഗാന്ധിക്ക് ഉള്ളതെന്ന് അറിയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും കനത്ത തോൽവി നേരിട്ടതോടെ ജനങ്ങളെ ആകർഷിക്കാനുള്ള പുതിയ തന്ത്രങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് ഈ യാത്രയും.

അതേസമയം ഭാരതയാത്രയുടെ വിശദാംശങ്ങൾക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ല. എന്ന് നടത്തണമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. മിക്കവാറും ആഗസ്റ്റിൽ യാത്ര ഉണ്ടാവും എന്നാണ് ലഭിക്കുന്ന സൂചന. ഇതിനായി പാർട്ടി നേതാക്കളുമായി രാഹുൽ കൂടുതൽ ചർച്ചകൾ നടത്തും. നേരത്തെ ഇത്തരമൊരു ഭാരതയാത്രയെക്കുറിച്ച് രാഹുൽ ആലോചിച്ചിരുന്നെങ്കിലും നടന്നില്ല.

അതേസമയം, പാർട്ടി അദ്ധ്യക്ഷ പദവിയിൽ തുടരാനാവില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുൽ. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ അദ്ദേഹം നിർദേശവും നൽകിയിട്ടുണ്ട്. അദ്ധ്യക്ഷ പദവി ഒഴിഞ്ഞ ശേഷമാവും രാഹുൽ യാത്ര നടത്തുക എന്നും അറിയുന്നു. ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നടത്തിയ 14 മാസത്തെ ആന്ധ്രാ പ്രജാ സങ്കല്പ യാത്രയാണ് രാഹുലിന് മുമ്പുള്ള മാതൃക. ആന്ധ്ര എന്ന സംസ്ഥാനത്ത് മാത്രമാണ് ഈ യാത്രയെങ്കിൽ രാഹുലിന്റേത് രാജ്യം മുഴുവൻ ആണെന്ന് പ്രത്യേകതയുണ്ട്. എല്ലാ സംസ്ഥാനങ്ങളിലൂടെയും യാത്ര നടത്തുകയാണ് രാഹുലിന്റെ ഉദ്ദേശ്യം. അതിലൂടെ നേതാക്കൾക്കും പ്രവർത്തകർക്കും ഉണർവ് പകരാനാവുമെന്ന പ്രതീക്ഷയിലാണത്രേ രാഹുൽ.