kodiyeri

തിരുവനന്തപുരം: ബീഹാർ യുവതിയുടെ പരാതിയിൽ ആരോപണ വിധേയനായ മകൻ ബിനോയ് കോടിയേരിയുടെ കേസ് വ്യക്തിപരമായതാണെന്നും മകനെ സഹായിക്കാനോ സംരക്ഷിക്കാനോ ഒരു നടപടിയും താനും പാർട്ടിയും സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനിടെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്.

എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് കോടിയേരി വായിച്ചത്. ചോദ്യങ്ങൾക്ക് അദ്ദേഹം മുഷിച്ചിലില്ലാതെയും സംയമനത്തോടെയും മറുപടി നൽകുകയും ചെയ്തു. 'കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ആയുർവേദ ചികിത്സയിലായിരുന്നു. ഇപ്പോഴും തുടരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പങ്കെടുക്കാനാണ് ഇന്ന് എത്തിയത്. കുറേ ദിവസമായി നിങ്ങൾ എന്നെത്തേടി നടക്കുന്നു. ഇനി തേടി വലയേണ്ടതില്ല. അതുകൊണ്ടാണ് നിങ്ങളെ വിളിച്ച് കാര്യമറിയിക്കുന്നത്'- കോടിയേരി പറഞ്ഞു.

മകൻ ബിനോയിക്ക് എതിരെ മുംബയ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സംബന്ധിച്ച് പരിശോധിച്ച് നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണ്. ബിനോയി പ്രായപൂർത്തിയായി പ്രത്യേകം കുടുംബമായി താമസിക്കുന്നയാളാണ്. പാർട്ടി എന്ന നിലയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് കൂട്ടുനിൽക്കാൻ ഒരിക്കലും സന്നദ്ധനാവില്ല. കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റുകളുടെ ഉത്തരവാദിത്വം പാർട്ടിക്കോ വ്യക്തിപരമായി തനിക്കോ വഹിക്കാനാവില്ല. അതിന്റെ ഭാഗമായി വരുന്ന ഫലങ്ങൾ ബന്ധപ്പെട്ടവർ തന്നെ അനുഭവിക്കണം. ഇതു സംബന്ധിച്ച സി.പി.എം നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി ഇടപെടേണ്ടതല്ല ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രശ്നം. മറ്റു കാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കട്ടെ.അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല-' കോടിയേരി പറഞ്ഞു.