sadya

കിളിമാനൂർ: മകന്റെ രണ്ടാം ചരമവാർഷികദിനം ഭിന്നശേഷിക്കാരായ കുട്ടികളുമായി പങ്കിട്ടും അവർക്കായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയും ബി.സത്യൻ എം.എൽ.എ ആചരിച്ചു. ഭിന്നശേഷിക്കാരനായിരുന്ന മകൻ ബോബിയുടെ ഓർമ പുതുക്കലായിട്ടാണ് ബി.സത്യൻ എം.എൽ.എ തട്ടത്തുമല ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുകയും അവർക്ക് ഒപ്പമിരുന്നു കഴിക്കുകയും ചെയ്തത്. മകന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചതും ഈ സ്കൂളിലായിരുന്നു. മകന്റെ ഓർമ്മയ്ക്കായി ബഡ്സ് സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, വാർഡംഗങ്ങളായ ഷിബു, യു.എസ്. സുജിത്ത്, വി. ധരളിക, ജലജ, ആർ.കെ. ബൈജു എന്നിവർ പങ്കെടുത്തു.