drugs

തിരുവനന്തപുരം : കോവളത്തിന് സമീപം വാഴമുട്ടത്ത് 20കോടിയുടെ ഹാഷിഷ് ഓയിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരാൾ എക്സൈസ് പിടിയിലായി. അന്യസംസ്ഥാനങ്ങളിൽ നിന്നു ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടു വന്ന് കേരളത്തിൽ ചില്ലറ വില്പന നടത്തുന്ന കോട്ടയം നീണ്ടൂർ സ്വദേശി ജി.കെ എന്നു വിളിക്കുന്ന ജോർജ്ജ് കുട്ടിയാണ് (34) പിടിയിലായത്. 20 കിലോഗ്രാം ഹാഷിഷ്, 2.5കിലോ കഞ്ചാവ്, 240ഗ്രാം ചരസ് എന്നിവ ഇയാളിൽ നിന്ന് കണ്ടെത്തി. ഫിയറ്റ് പ്യുൻഡോ കാറിന്റെ ഡിക്കിക്കുള്ളിൽ സ്‌റ്റെപ്പിനി ടയർ സ്ഥാപിക്കുന്നതിനടിയിൽ പ്രത്യേക അറ ഉണ്ടാക്കി അതിനുള്ളിലാണ് ഒരു കിലോഗ്രാം വീതമുള്ള ഇരുപത് പൊതികളിലായി ഹാഷീഷും മറ്റ് ലഹരിവസ്തുക്കളും സൂക്ഷിച്ചിരുന്നത്.

കോട്ടയം ഏറ്രുമാനൂരിൽ എസ്.ഐയെ കുത്തി പരിക്കേൽപ്പിച്ചതുൾപ്പടെ നിരവധി ക്രിമിനൽ കേസിലും പ്രതിയായ ഇയാൾക്കെതിരെ കോട്ടയത്ത് കാപ്പ ചുമത്തിയിരിക്കുകയാണെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.മുഹമ്മദ് ഉബൈദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാംഗ്ളൂർ കേന്ദ്രമാക്കി സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് നടത്തുന്ന ജോർജ്ജ് കുട്ടിക്ക് ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ട്.

ഒരുവർഷത്തിനിടെ എക്സൈസ് വകുപ്പ് നഗരത്തിൽ നടത്തിയ എട്ടാമത്തെ ഹാഷിഷ് വേട്ടയാണിത്. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരം കഴിഞ്ഞ ആഴ്ച രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് ഇയാൾ ഒറ്റയ്ക്കാണ് കാർ ഓടിച്ച് തിരുവനന്തപുരത്ത് എത്തിയത്. അറസ്റ്റിലായതിന് ശേഷവും കൊച്ചിയിൽ നിന്നും ലഹരി വിൽപ്പനക്കാർ ഹാഷിഷ് ആവശ്യപ്പെട്ട് ഇയാളുടെ മൊബൈലിൽ വിളിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ, പ്രദീപ് റാവു, മുകേഷ് കുമാർ, കെ.വി.വിനോദ് പ്രിവന്റീവ് ഓഫീസർമാരായ മധുസൂദനൻ, ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുമേഷ്, ജസീൻ, ബിൻരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.