കല്ലറ: ജനവാസമേഖലയിലേയ്ക്ക് ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന കൊച്ചു കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്. പാങ്ങോട് കാഞ്ചിനട കുന്നും പുറത്ത് വീട്ടിൽ സന്തോഷ് (31), കൊച്ചാലും മൂട് ഹാജിറ മൻസിലിൽ നിസാമുദീന്റെ മകൻ ഫറൂക്ക് (9) , കൊച്ചാലുംമൂട് കുറവൻകോണം സ്വദേശി ജലാലുദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ജലാലുദ്ദീനും ഫറുക്കിനും കൊച്ചാലും മൂട്ടിന് സമീപത്ത് വച്ചും സന്തോഷിന് കാഞ്ചിനട വച്ചുമാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
കാഞ്ചിനട സ്കൂളിലെ വിദ്യാർത്ഥിയായ ഫറൂഖ് സ്കൂളിലേക്ക് പോകുന്നതിനിടെ പെട്ടന്ന് മുന്നിലുടെ പാഞ്ഞു പോയ കാട്ടുപോത്തിന്റെ ദേഹത്ത് തട്ടി തെറിച്ച് വീഴുകയായിരുന്നു. കൊമ്പ് കൊണ്ട് കോരിയെറിഞ്ഞും ചവിട്ടേറ്റുമാണ് സന്തോഷിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ കല്ലറ തറട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കുളത്തുപ്പുഴ വനമേഖലയിൽ നിന്നും പാലോട് ഫോറസ്റ്റ് പരിധിയിൽ ജനവാസ കേന്ദ്രത്തോട് ചേർന്നുള്ള അക്കേഷ്യ പ്ളാന്റേഷനുകളിലേക്ക് കടന്ന കാട്ടുപോത്താണ് നാട്ടുകാരെ ആക്രമിച്ചത്.
റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെയുടെയുള്ള വനപാലകരുടെ സംഘം വൈകുംവരെ ശ്രമിച്ചിട്ടും കാട്ടുപോത്തിനെ തിരികെ വനത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ നാട്ടുകാരെല്ലം ഭീതിയിലാണ്.
ഇന്നലെ ഭരതന്നൂർ കല്ലുമല, ഉണ്ണിപ്പാറ ഭാഗത്താണ് കാട്ടുപോത്തിനെ അവസാനമായി കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുപോത്തിനെ മൈലമൂട്, കൊച്ചാലുംമൂട്, ചെമ്പൻകോട് തുടങ്ങിയ പ്രദേശങ്ങളിലെ അക്കേഷ്യ പ്ളാന്റേഷനുകളിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയാണ് കല്ലറ ടൗണിന് സമീപം വാഴത്തോപ്പ് പച്ചയിൽ കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകരും, പൊലീസും സ്ഥലത്തെത്തി വേണ്ട മുൻകരുതലുകൾ എടുത്തു. തടിച്ചുകൂടിയ നാട്ടുകാരിൽ ചിലർ എറിഞ്ഞതും കോലാഹലങ്ങളുമാണ് കാട്ടുപോത്തിനെ വിറളി പിടിപ്പിച്ചതെന്നും ഇങ്ങനെ പായുന്നതിനിടയിലാണ് നാട്ടുകാർക്ക് പരുക്കേറ്റതെന്നും വനപാലകർ പറഞ്ഞു.