തിരുവനന്തപുരം: മകനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കുമോ? വാർത്താ സമ്മേളനത്തിനിടെ കോടിയേരിയോട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യം.
മറുപടി വൈകിയില്ല: 'നിങ്ങളിൽ ചിലരുടെ ഉദ്ദേശ്യം മനസിലായി. അതൊക്കെ കൈയിൽ വച്ചാൽ മതി. കൂടുതൽ പ്രതികരിക്കാനില്ല. എന്റെ കാര്യത്തിൽ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പാർട്ടി അതിൽ തീരുമാനമെടുത്തോളും'
രാജി സന്നദ്ധത അറിയിച്ചോ എന്ന് വീണ്ടും വാർത്താ ലേഖകർ. അതിനുള്ള മറുപടി പുഞ്ചിരിയോടെ. 'പാർട്ടിക്കകത്തു നടന്ന ചർച്ചകൾ പുറത്തു പറയുന്നത് ശരിയല്ല, അങ്ങനെ പുറത്തു പറഞ്ഞിട്ട് വേണം എനിക്കെതിരെ നടപടിയെടുപ്പിക്കാൻ!'
പ്രശ്നമുണ്ടായപ്പോൾ മകൻ കാണാൻ വന്നിരുന്നു. പക്ഷേ വിഷയം കോടതിയിലെത്തിയ ശേഷം കണ്ടിട്ടില്ല. ആരോപണത്തിൽ നിജസ്ഥിതി കണ്ടെത്തേണ്ടത് പൊലീസാണ്. ഈ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയാവില്ല. മക്കൾ വിദേശത്തു പോകുമ്പോൾ പിന്നാലെ പോകാൻ രക്ഷിതാക്കൾക്കാകുമോ? പാർട്ടി സെക്രട്ടറിയുടെ മകനായാലും രാജ്യത്തെ നിയമ സംവിധാനം ബാധകമാണ്. അയാളെ കണ്ടെത്താൻ ശ്രമിക്കാൻ ഞാൻ മുംബയ് പൊലീസിലെ ഓഫീസറല്ല- കോടിയേരി പറഞ്ഞു.
ചോദ്യം: ആരോപണം സംബന്ധിച്ച് നേരത്തേ അറിഞ്ഞിരുന്നോ?
എന്റെയടുത്ത് ആരും സംസാരിച്ചിട്ടില്ല.
? ഭാര്യ ഇടപെട്ടുവെന്ന ആക്ഷേപം
പരാതിയിൽ പറയുന്ന കാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതി മറ്റ് നടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പ്രതികരിക്കുന്നത് ശരിയല്ല. നിരപരാധിയാണെന്ന് പറഞ്ഞ് മകൻ ജാമ്യത്തിന് അപേക്ഷിച്ചതായി അറിഞ്ഞു. പാർട്ടി സെക്രട്ടറി ആയതുകൊണ്ടാണ് കുടുംബാംഗങ്ങളും പരിശോധനയ്ക്ക് വിധേയമാകുന്നതെന്നും അതവരും ഓർക്കേണ്ടതാണെന്നും എല്ലാവർക്കും ഇതൊരു പാഠമാകട്ടെയെന്നും കോടിയേരി പറഞ്ഞു.