തിരുവനന്തപുരം: പട്ടം ജംഗ്ഷനിൽ നിന്ന് റോട്ട്‌വീലർ ഇനത്തിൽപെട്ട നായയെ നഗരസഭയുടെ സ്‌ക്വാഡ് പിടികൂടി. പട്ടത്തും പരിസരപ്രദേശത്തും അലഞ്ഞുനടന്ന നായ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. നായയുടെ ഉടമസ്ഥൻ നഗരസഭയുമായി ബന്ധപ്പെട്ട് നായയെ കൈപ്പറ്റണമെന്നും ഇത്തരം നായകളെ സുരക്ഷിതമായ നിലയിൽ വളർത്തണമെന്നും നഗരസഭാധികൃതർ നിർദ്ദേശിച്ചു. അവശരായ നായ്ക്കളെ തുറന്നുവിടുന്ന പ്രവണതയുണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.