കാട്ടാക്കട: അന്തർദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രം ഇനി കോട്ടൂരിന് സ്വന്തം.
കാപ്പുകാടുള്ള ആനപുനരധിവാസ കേന്ദ്രമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നത്.
ആദ്യഘട്ട നിർമ്മാണോദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കാപ്പുകാട്ട് മുഖ്യമന്ത്രി പിണറായി നിർവഹിക്കും. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ,കെ. കൃഷ്ണൻ കുട്ടി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.പി മാരായ അടൂർ പ്രകാശ്, ഡോ. ശശി തരൂർ, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കോട്ടൂർ വനമേഖലയിൽ നിർമ്മിക്കുന്ന കേന്ദ്രത്തിന് കേരള ഇൻഫ്രാ സ്ട്രക്ചറൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡാണ് (കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. ഭവന നിർമ്മാണ ബോർഡിന്റെ നിർമ്മാണ ചുമതലയുള്ള പദ്ധതി 2021ൽ പൂർത്തിയാക്കാനാണ്ശ്രമം. കാപ്പുകാട്ട് കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം രംഗത്തെ കുതിച്ച്ചാട്ടമാണ് ഉണ്ടാവുക. ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്ര് കേന്ദ്രമായി മാറുന്നതോടൊപ്പം നെയ്യാർ ഡാം മേഖലയിലെ വനം വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ ഇവിടെ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്ഷിക്കുന്നത്.
നെയ്യാർ ഡാമിലെ ചെക്ക് ഡാമുകളടക്കം ജലാശയങ്ങൾ, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങൾ എന്നിവയും ഇവിടെ ഉണ്ടാവും. ആനകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സൗകര്യവും ജനങ്ങൾക്ക് ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
നാട്ടാനകളുടേതടക്കം മൃഗങ്ങളുടെ ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി വരും. ആനപാപ്പാൻമാർക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യം ആദ്യഘട്ടത്തിൽ തന്നെ തയ്യാറാക്കും. അതുപോലെ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഏർപ്പെടുത്തും.
പദ്ധതി ഇങ്ങനെ
2 ഘട്ടങ്ങൾ
നിർമ്മാണ ചെലവ്: 108 കോടി
വിസ്തൃതി: 176 ഹെക്ടർ
ആദ്യഘട്ട നിർമ്മാണച്ചെലവ്: 71.9 കോടി
ഒരുക്കുന്ന ആവാസ കേന്ദ്രങ്ങൾ : 50 എണ്ണം
പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്ന പോലെ പാർപ്പിക്കാവുന്ന തരത്തിൽ സംരക്ഷിത ഉരുക്ക് വലകളാൽ വലയം ചെയ്ത ആവാസ കേന്ദ്രങ്ങളാണ് തയ്യാറാക്കുന്നത്.
ആന മ്യൂസിയം
സൂപ്പർ സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി
പഠന ഗവേഷണ കേന്ദ്രം
പാപ്പാന്മാർക്കുള്ള പരിശീലന കേന്ദ്രം
ഓഫീസ്, പാർക്കിംഗ് ഏരിയ
കഫറ്റീരിയ
കോട്ടേജുകൾ
ടോയ്‌ലെറ്റ് ബ്ലോക്ക്
വിശാലമായ കൺവെൻഷൻ സെന്റർ
ആംഫി തിയേറ്റർ