engineering

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 12 സ്വാശ്രയ കോളജുകളിലെ 15 ബാച്ചുകളിൽ ഒരു വിദ്യാർത്ഥി പോലും അലോട്ട്മെന്റ് നേടിയില്ല. എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തേണ്ട 50 ശതമാനം സീ​റ്റുകളിലാണ് വിദ്യാർത്ഥികളില്ലാത്തത്. ഇതിൽ മൂന്ന്‌ കോളജുകളിൽ രണ്ട് വീതം ബാച്ചുകളിൽ ആളില്ല. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിലാണ് വിദ്യാർത്ഥികളില്ലാത്ത ബാച്ചുകൾ കൂടുതൽ. ഏഴ്‌ കോളേജുകളിൽ ഈ ബ്രാഞ്ചിൽ വിദ്യാർത്ഥികളില്ല. ആറ്‌ കോളജുകളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലും കുട്ടികളില്ല. രണ്ട്‌ കോളേജുകളിൽ മെക്കാനിക്കൽ ബ്രാഞ്ചിൽ വിദ്യാർത്ഥികളില്ല. ഇവയ്ക്ക് പുറമേ നൂറിലേറെ ബ്രാഞ്ചുകളിൽ ഒരു സംവരണ സീ​റ്റിലും വിദ്യാർത്ഥികളില്ല. ഇവിടങ്ങളിൽ സ്​റ്റേ​റ്റ് മെരി​റ്റ് സീ​റ്റുകളിൽ ഏതാനും വിദ്യാർത്ഥികൾ മാത്രമാണ് അലോട്‌മെന്റ്‌ നേടിയിട്ടുള്ളത്. ഒരു വിദ്യാർത്ഥി മാത്രം സ്​റ്റേ​റ്റ് മെരി​റ്റിൽ അലോട്ട്മെന്റ്‌ നേടിയ കോളജുകളുമുണ്ട്. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് പ്രവേശനം ഉറപ്പാക്കിയാൽ മതി. ഇവർ പ്രവേശനം നേടേണ്ടതില്ല. രണ്ടാം അലോട്ട്മെന്റ് മുതലാണ് വിദ്യാർത്ഥികൾ കോളേജിലെത്തി പ്രവേശനം നേടേണ്ടത്. അടുത്ത അലോട്ട്മെന്റുകളിൽ കോളേജ് മാറാമെന്നതിനാൽ ഗുണനിലവാരം കുറഞ്ഞ കോളേജുകളുടെ സ്ഥിതി കൂടുതൽ പരിതാപകരമാവും.