തിരുവനന്തപുരം: കണ്ണൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അദ്ധ്യക്ഷയ്ക്കെതിരെ പാർട്ടിക്കുള്ളിൽത്തന്നെ കടുത്ത വിമർശനമുയരുന്നതിനിടെ, അവരെ ന്യായീകരിച്ചും നഗരസഭാ സെക്രട്ടറിക്കു മേൽ കുറ്റം ചാർത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ലൈസൻസ് നൽകാൻ നടപടി പൂർത്തീകരിച്ച് നഗരസഭാ ചെയർപേഴ്സൺ ശുപാർശ ചെയ്തിട്ടും സെക്രട്ടറി അതു ചെവിക്കൊണ്ടില്ല. എൻജിനിയർ ശുപാർശ ചെയ്തപ്പോൾ സെക്രട്ടറി കുറേ ക്വറികൾ എഴുതി തടസമുണ്ടാക്കി. ജനപ്രതിനിധികൾക്കു മുകളിൽ സെക്രട്ടറിമാർ വാഴുന്ന സ്ഥിതി മാറിയില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. സർക്കാർ ഇതു പരിശോധിച്ച് ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ആന്തൂർ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് പരിശോധിച്ചുവരികയാണ്. നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്തു. സർക്കാരിന്റെ അന്വേഷണവും പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ നിശ്ചിത സമയത്തിനകം ലൈസൻസ് നൽകണമെന്നതിന് ഇപ്പോൾ ഒരു സമ്പ്രദായം നിലവിലില്ല. പല കേസുകളിലും ഒരു മാസത്തിനകം തീരുമാനമെടുക്കുന്നുണ്ടെങ്കിലും ചില കേസുകളിൽ അനുമതി വൈകുന്നു. നഗരസഭ തീരുമാനിച്ചാലും സെക്രട്ടറി അതു നടപ്പാക്കാൻ തയ്യാറാകുന്നില്ല.
നഗരസഭാ അദ്ധ്യക്ഷയ്ക്കെതിരായ വീട്ടുകാരുടെ പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പൊലീസ് പരാതി പരിശോധിക്കുന്നുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി. അതിനിടയിൽ പാർട്ടി സെക്രട്ടറി നിലപാട് പ്രഖ്യാപിച്ചാൽ അന്വേഷണത്തെ സ്വാധീനിക്കലാവും. ശ്യാമളയെ മാറ്റാൻ പാർട്ടി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. കണ്ണൂർ ജില്ലാ കമ്മിറ്റി ആന്തൂർ വിഷയം പരിശോധിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.