തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തെച്ചൊല്ലി പൊലീസുകാർ തമ്മിലടിച്ചു. 27ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ 6800 പൊലീസുകാർക്ക് വോട്ടവകാശമുണ്ട്. ഇതിൽ 5900പേർ തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചെങ്കിലും ഇടതു ഭരണത്തിലുള്ള പൊലീസ് അസോസിയേഷൻ നൽകിയ പട്ടികയിലുള്ളവർക്കേ തിരിച്ചറിയൽ കാർഡ് നൽകിയുള്ളൂവെന്നാരോപിച്ച് യു.ഡി.എഫ് പാനലിലെ 10 സ്ഥാനാർത്ഥികളടക്കമുള്ളവർ എ.ആർ ക്യാമ്പിൽ കുത്തിയിരിപ്പുസമരം നടത്തി. ഇടത് അനുകൂലികൾ ഇത് ചോദ്യം ചെയ്തതോടെ സംഘർഷമായി. തർക്കത്തിനൊടുവിൽ വാക്കുതർക്കവും കയ്യാങ്കളിയുമായി.
പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ.അജിത്ത് അടക്കം 12 യു.ഡി.എഫ് അനുകൂലികൾക്കും 4 എൽ.ഡി.എഫ് അനുകൂലികൾക്കുമെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. ഇവരെയെല്ലാം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യു.ഡി.എഫ് പാനലിലുള്ള 10 സ്ഥാനാർത്ഥികൾ ആശുപത്രികളിൽ ചികിത്സ തേടി. എൽ.ഡി.എഫ് അനുകൂലികളും ചികിത്സതേടി. തങ്ങളുടെ സ്ഥാനാർത്ഥി അനീഷിനെ എസ്.എ.പിയിലെ പൊലീസ് അസോസിയേഷൻ സെക്രട്ടറി ആനന്ദ് ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചതായി യു.ഡി.എഫുകാർ ആരോപിച്ചു. ജി.ആർ.അജിത്തിനും മർദ്ദനമേറ്റു.
തിരുവനന്തപുരത്തെ ഏഴ് വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 27ന് നിശ്ചയിച്ചിട്ടുള്ള സംഘം തിരഞ്ഞെടുപ്പ് മാറ്റണമെന്ന് മുൻ ഭരണസമിതി അംഗങ്ങളായ യു.ഡി.എഫ് അനുകൂലികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 800പൊലീസുകാർക്ക് അന്ന് സുരക്ഷാചുമതലയുണ്ടാവും. പ്രതികളുടെ എസ്കോർട്ടിനായി 400പൊലീസുകാരെ സിറ്റി, റൂറൽ എ.ആർ ക്യാമ്പുകളിൽ നിന്ന് നിയോഗിക്കേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുൻകാലങ്ങളിലേതുപോലെ ഞായറാഴ്ചയാക്കണമെന്ന ആവശ്യത്തോട് സിറ്റി പൊലീസ് കമ്മിഷണർ യോജിച്ചെങ്കിലും ഡി.ജി.പി 27നു തന്നെ തിരഞ്ഞെടുപ്പ് നടത്താമെന്ന നിലപാടെടുത്തു. കഴിഞ്ഞ 21മുതലാണ് തിരിച്ചറിയൽ കാർഡിന് അപേക്ഷ വിതരണം ചെയ്തത്. 1339പേർക്കു മാത്രമാണ് കാർഡ് നൽകിയത്. 4500പേർക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചില്ലെന്ന് യു.ഡി.എഫ് പാനലിലുള്ളവർ പരാതി നൽകിയെങ്കിലും സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാര്യത്തിൽ ഇടപെടാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിലപാടെടുത്തു. 24ന് വൈകിട്ട് 5വരെയാണ് കാർഡ് വിതരണം ചെയ്യുക.
ഒരു പൊലീസുകാരന്റെ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട കാര്യം തിരക്കുന്നതിനാണ് സ്ഥാനാർഥിയായ അനീഷുമൊത്ത് എത്തിയതെന്ന് ജി.ആർ. അജിത്ത് പറഞ്ഞു. കാർഡ് കിട്ടുന്നില്ലെന്നു പറഞ്ഞപ്പോൾ വീട്ടിലെത്തിക്കുമെന്നായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു അനീഷിനെ മറു വിഭാഗം ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ചോദ്യം ചെയ്യാനെത്തിയ അജിത്തിനെ കെട്ടിക്കിടന്ന ചെളിവെള്ളത്തിലേക്കു തള്ളിയിട്ടുവത്രെ. തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതുവരെ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചപ്പോഴാണ് മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇവരെ നീക്കംചെയ്തത്.
പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന ഡി.ജി.പിയുടെ ഹൈക്കോടതിയിൽ നൽകിയ ഉറപ്പിനു വിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്നാണ് യു.ഡി.എഫ് അനുകൂലികളുടെ വാദം. നേരത്തെ യു.ഡി.എഫ് ഭരണത്തിലുള്ള ഭരണസമിതിയെ, ബഡ്‌ജറ്റ് പാസാക്കിയില്ലെന്നും ഭരണസ്‌തംഭനമാണെന്നും ചൂണ്ടിക്കാട്ടി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സംഘം ബൈലാ പ്രകാരം അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ അല്ല, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പു നടത്തേണ്ടത്. പക്ഷേ, തിരിച്ചറിയൽ കാർഡ് വിതരണം ജൂനിയർ ക്ലാർക്കിനെ ഏൽപ്പിക്കുകയായിരുന്നു. ഒന്നരവർഷമായി സംഘം അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. ആകെ 11 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.