നെയ്യാറ്റിൻകര: ജൂൺ മാസത്തിലെ ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യ വിപണിയിൽ വളർച്ചയും തളർച്ചയും ഒരുപോലെ അനുഭവപ്പെടുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ പലർക്കും വിൽക്കാൻ പോയിട്ട് കറിവയ്ക്കാൻ പോലും മത്സ്യം ലഭിക്കാത്ത അവസ്ഥ. കടലിൽ പോയിട്ട് മടങ്ങുന്ന പലർക്കും വില്പനയ്ക്കുള്ള മീൻ കിട്ടുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ മത്സ്യക്കൃഷി നടത്തുന്ന കർഷകർക്ക് ഇത് ചാകരക്കാലമാണെന്ന് പറയാതെ വയ്യ. കുളങ്ങളിലും മത്സ്യടാങ്കുകളിലും മീൻ വളർത്തുന്ന കർഷകരുടെ മത്സ്യം വാങ്ങാൻ ഇപ്പോൾ വൻതിരക്കാണ്. വലിയ വിലയില്ലാത്തതും ആവശ്യത്തിനും അഭിരുചിക്കുമനുസരിച്ച് ഈ ട്രോളിംഗ് കാലത്തും മീൻ ലഭിക്കുന്നു എന്നത് ഈ വിപണിയിലേയ്ക്ക് ആളെക്കൂട്ടുന്നു.
ജില്ലയിലെയും മറ്റ് ജില്ലകളിൽ നിന്നും ഞണ്ട് അടക്കമുള്ളവയാണ് എത്തുന്നത്. ഏറെ പ്രിയപ്പെട്ട കടൽക്കൊഞ്ചിന് പകരം അല്പം വിലക്കുറവുള്ള വളർത്ത് കൊഞ്ചുകൾ മത്സ്യ വിപണി കീഴടക്കി കഴിഞ്ഞു. വലിയ കുളങ്ങളിൽ വളർത്തുന്ന ഞണ്ടുകൾക്കും ഇപ്പോൾ നല്ല ഡിമാന്റുണ്ട്.അന്യ സംസ്ഥാനത്തൊളിലാളികൾ ഏറെയും വാങ്ങുന്നത് ശുദ്ധജല മത്സ്യങ്ങളെയാണ്.
മീനിൽ ചേർക്കുന്ന ഫോർമലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കിയതോടെ പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയാത്ത പുതിയ രാസവസ്തു ചേർക്കുന്നതായി സംശയം. മീൻ കേടാകാതിരിക്കാൻ സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. ഈ രാസവസ്തു ശരീരത്തിൽ എങ്ങനെ പ്രതിപ്രവർത്തിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.
സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് എളുപ്പത്തിൽ കണ്ടെത്താൻ നിലവിൽ മാർഗങ്ങളില്ല.
വായു, വെള്ളം, മണ്ണ് എന്നിവയിലുൾപ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്നു.
നിറമോ മണമോ ഇല്ല. നേർപ്പിക്കാതെ ഉപയോഗിച്ചാൽ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേർത്ത് നേരിയ അളവിൽ മീനിൽ തളിക്കുന്നതായി സംശയിക്കുന്നു.
കൃഷിയിടങ്ങളിൽ 400 ചതുരശ്ര മീറ്റർവരെ മണ്ണ് അണുവിമുക്തമാക്കുന്നതിന് മൂന്ന് ലിറ്റർ സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് മതിയെന്നാണ് കൃഷി വിദഗ്ദ്ധർ പറയുന്നത്.
തായ്‌ലാൻഡ്, തൈവാൻ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മല്യേ തുടങ്ങിയ പൂർവ ഏഷ്യൻ രാജ്യങ്ങളിലാണ് ഞണ്ടുവളർത്തൽ വ്യവസായികാടിസ്ഥാനത്തിൽ നടക്കുന്നത്. അതേസമയം ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം മുതലായ സംസ്ഥാനങ്ങളിൽ അടുത്തകാലത്തായി ഞണ്ടുകൃഷി നടപ്പിലാക്കിവരുന്നുണ്ട്.
ഞണ്ടുവളർത്തൽ പ്രധാനമായും രണ്ടു രീതിയിലാണ് നടത്തുന്നത്.
ചെറിയ ഞണ്ടുകളെ ശേഖരിച്ച് ഞണ്ടുവളർത്തലിനു തയാറാക്കിയ കെട്ടുകളിൽ 5 മുതൽ 6 മാസം വരെ വളർത്തുക.
പഞ്ഞിഞണ്ടുകളെ ശേഖരിച്ച് ചെറിയ കുളങ്ങളിൽ 20 മുതൽ 30 ദിവസം വരെ സൂക്ഷിച്ച് പുറംതോട് കട്ടിയാകുന്നത് വരെ വളർത്തുക.