തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനം ഉറപ്പുവരുത്താനായി മെഡിക്കൽ കൗൺസിലിൽ ഗവ. മെഡിക്കൽ കോളേജുകളിൽ 155 എം.ബി.ബി.എസ് സീറ്റുകൾ അധികമായി അനുവദിച്ചു. ആകെ സീറ്റുകളുടെ 10 ശതമാനം സീറ്റുകളാണ് സാമ്പത്തിക സംവണമായി അനുവദിച്ചത്. ഈ സീറ്റുകളിലേക്ക് ഇക്കൊല്ലം തന്നെ പ്രവേശനം നടത്തും. 200 സീറ്റോ അതിൽ താഴെയോ സീറ്റുള്ള മെഡിക്കൽ കോളേജുകളിലാണ് സീറ്റ് വർദ്ധന അനുവദിച്ചത്. 250 സീറ്റുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ഒഴികെയുള്ള സർക്കാർ കോളേജുകളാണ് സീറ്റ് വർദ്ധനയ്ക്ക് അപേക്ഷ നൽകിയത്. ഇക്കൊല്ലം ഗവ.കോളേജുകളിൽ പ്രവേശനത്തിന് ലഭ്യമായ എം.ബി.ബി.എസ് സീറ്റുകൾ 1455 സീറ്റുകളായി വർദ്ധിച്ചു.
വർദ്ധിപ്പിച്ച സീറ്റുകൾ ഇങ്ങനെ:
തിരുവനന്തപുരം മെഡിക്കൽ കോളേജ് 50
കോട്ടയം മെഡിക്കൽ കോളേജ് 25
എറണാകുളം മെഡിക്കൽ കോളേജ് 10
മഞ്ചേരി മെഡിക്കൽ കോളേജ് 10
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് 10
തൃശൂർ മെഡിക്കൽ കോളേജ് 25
ആലപ്പുഴ മെഡിക്കൽ കോളേജ് 25
ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 250, കോട്ടയം മെഡിക്കൽ കോളേജിൽ 175, എറണാകുളം മെഡിക്കൽ കോളേജിൽ 110, മഞ്ചേരി മെഡിക്കൽ കോളേജിൽ 110, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 110, തൃശൂർ മെഡിക്കൽ കോളേജിൽ 175, ആലപ്പുഴ മെഡിക്കൽ കോളേജിൽ 175 എന്നിങ്ങനെ സീറ്റുകളായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ 250 സീറ്റുകളും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ 100 സീറ്റുകളും നിലവിലുണ്ട്.