പാറശാല: ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വ്ലാത്താങ്കര, കീഴമ്മാകം വാർഡിലെ ജനങ്ങൾ പേടിച്ചാണ് ബണ്ട് റോഡ് വഴി യാത്ര ചെയ്യുന്നത്. കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാലം നിർമ്മിക്കുന്നതിനായി നെയ്യാറിന് കുറുകെ മണ്ണിട്ട് താത്കാലിക റോഡ് നിർമ്മിച്ചു. ഇതോടെ നെയ്യാർ ഗതിമാറി ഒഴുകുകയും ബണ്ട് റോഡിന്റെ വശങ്ങൾ തകരുകയും ചെയ്തു. വരൾച്ചമൂലം ആറിലെ വെള്ളക്കുറവായിരുന്നതിനാൽ താത്കാലിക റോഡിന് കീഴെ അഞ്ച് പൈപ്പുകൾ മാത്രമാണ് സ്ഥാപിച്ചത്. മഴ ആരംഭിച്ചതോടെ കഴിഞ്ഞദിവസം ആറിലെ കുത്തൊഴുക്കിൽ താത്കാലിക റോഡ് ഒലിച്ചുപോയി. ഒപ്പം ബണ്ട് റോഡിന്റെ വശങ്ങളും തകർന്നു. ഓരോ ദിവസവും കഴിയുംതോറും ബണ്ട് റോഡിന്റെ വശങ്ങൾ ആറിലേക്ക് ഇടിയാൻ തുടങ്ങി. പല ദിവസങ്ങളിലായി റോഡ് തകരാൻ തുടങ്ങിയിട്ടും അധികൃതർ കണ്ട മട്ടില്ലെന്നാണ് പരാതി. പാലം പണിയിൽ മുടക്കില്ലാതെ മുന്നോട്ടുപോകുകയാണ് അധികൃതർ. എന്നാൽ ഓരോ ദിവസവും തകരുന്ന റോഡ് നന്നാക്കാനോ തകർച്ചയ്ക്കെതിരെ മുൻകരുതൽ എടുക്കാനോ നടപടിയില്ല. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്. റോഡിന്റെ തകർച്ച തടയാൻ അധികൃതർ അടിയന്തിരമായി നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.