pj-josph

തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മും രണ്ടായതോടെ യു.ഡി.എഫിനകത്ത് കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ എണ്ണം കൂടുന്നത് ഒഴിവാക്കാൻ ചെറുഗ്രൂപ്പുകൾ ഒന്നിക്കണമെന്ന അഭിപ്രായം കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ ശക്തമാകുന്നു.

മാണി ഗ്രൂപ്പിലെ പിളർപ്പ് പൂർണ്ണമാകുന്നതോടെ ജോസഫ് ഗ്രൂപ്പിന് അംഗീകാരത്തിന്റെ പ്രശ്നമുണ്ടാകുമെന്നിരിക്കെ, അതു പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ചെറുഗ്രൂപ്പുകൾ ഒന്നിക്കുകയെന്ന ആശയം കോൺഗ്രസിൽ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. ജോസഫ്, ജോസ് വിഭാഗങ്ങൾ വരുന്നതോടെ ജേക്കബ് ഗ്രൂപ്പും ചേർത്ത് യു.ഡി.എഫിൽ കേരള കോൺഗ്രസുകൾ മൂന്നെണ്ണമാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലടക്കം ഇവരെ പരിഗണിക്കേണ്ടി വരുന്നത് പ്രതിസന്ധി സൃഷ്ടിക്കും. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് ലയനനിർദ്ദേശം.

രാജ്യസഭാംഗമായി ജോസ് കെ.മാണി തുടരുന്നതും ആസന്നമായ പാലാ ഉപതിരഞ്ഞെടുപ്പുമെല്ലാം കണക്കിലെടുക്കുമ്പോൾ ജോസ് വിഭാഗത്തെ ഉപേക്ഷിക്കാൻ കോൺഗ്രസിനാവില്ല. മുന്നണി വിട്ടുനിന്ന കെ.എം. മാണിയെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരിച്ചെത്തിച്ചതിൽ ഫലപ്രദമായി ഇടപെട്ട പി.ജെ. ജോസഫിനെയും തള്ളിപ്പറയാനാവില്ല. ജോസഫ് പക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ജോസ് വിഭാഗത്തെ പിടിച്ചുനിറുത്തുകയെന്ന തന്ത്രമാകും പരീക്ഷിക്കുക. മുന്നണിയിൽ നിയമസഭാ സീറ്റുകളിൽ കേരള കോൺഗ്രസ്-എമ്മിന് നൽകിവരുന്നത് 15 സീറ്റുകളാണ്. ജോസ്, ജോസഫ് പ്രത്യേക വിഭാഗങ്ങളായാൽ സീറ്റ് വിഭജനം കീറാമുട്ടിയാകും.

ജോസഫ് പക്ഷത്തിന് അംഗീകാരം ലഭിക്കാൻ നാല് എം.എൽ.എമാരുടെ പിൻബലം വേണം. ഇപ്പോൾ മൂന്നു പേരേയുള്ളൂ. ഒരാളെ കൂടി ലഭ്യമാക്കാൻ ജോസഫ് പക്ഷം സ്വന്തം നിലയ്ക്കു നടത്തിയ നീക്കം വിജയിക്കാതെ വന്നതോടെ കോൺഗ്രസ് ഇടപെടണമെന്ന നിർദ്ദേശമുയർന്നു. ജേക്കബ് ഗ്രൂപ്പ് ജോസഫിനൊപ്പം പോകുന്നതു കൊണ്ട് പ്രത്യേകിച്ച് ദോഷമുണ്ടാവില്ലെന്നും ഇപ്പോൾ കിട്ടുന്ന സ്ഥാനങ്ങൾ കിട്ടുമെന്നും ലയനവാദികൾ ചൂണ്ടിക്കാട്ടുന്നു.

കേരള കോൺഗ്രസുകൾ ഒന്നാകുന്നതിനോട് യോജിക്കുമ്പോഴും പി.സി. ജോർജിനെ വേണ്ടെന്ന കർശന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഗണേശ് കുമാറിനെ കൊണ്ടുവരുന്നതിനോട് ലീഗിനും കോൺഗ്രസിലെ ഒരു വിഭാഗത്തിനും വിയോജിപ്പുണ്ട്.