kodiyeri-balakrishnan

തിരുവനന്തപുരം: മകനെതിരായ ആരോപണവിവാദം പാർട്ടിക്ക് പ്രതിസന്ധിയാകാതിരിക്കാൻ എന്തിനും ഒരുക്കമാണെന്ന് തുറന്നുപറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാറി നിൽക്കണമെങ്കിൽ അതുമാകാം എന്ന സൂചനയാണ് കോടിയേരി നൽകിയത്. എന്നാൽ, അങ്ങനെ ചെയ്യുന്നതിലൂടെ, പാർട്ടിക്ക് ഒരു പങ്കുമില്ലാത്ത കാര്യത്തിൽ പാർട്ടിയാകെ സംശയനിഴലിലാകുമെന്ന് സെക്രട്ടേറിയറ്റ് പൊതുവിൽ അഭിപ്രായം പ്രകടിപ്പിച്ചു. അതിനാൽ കടുത്ത നീക്കം വേണ്ടെന്നും നിലപാടെടുത്തു.

എന്നാൽ വിവാദത്തിൽ പാർട്ടിക്കു പങ്കില്ലെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ഇടപെടലുണ്ടാകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വൈകിട്ട് കോടിയേരി വാർത്താസമ്മേളനം നടത്തി മകനെ പരസ്യമായി തള്ളിപ്പറഞ്ഞത്.

കുറ്റാരോപിതനായ വ്യക്തി പ്രായപൂർത്തിയായ ആളും സ്വതന്ത്രമായി ജീവിക്കുന്നയാളുമാണ്. പ്രത്യേകം കുടുംബമായി കഴിയുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റേതായ തീരുമാനങ്ങളും പ്രവൃത്തികളുമാണ്. അതിൽ പാർട്ടിക്കോ പാർട്ടി നേതൃത്വത്തിനോ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഒരു നിലപാടും തനിക്കോ പാർട്ടിക്കോ ഉണ്ടാകില്ലെന്ന് തുറന്നു പറയുക വഴി വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കുക കൂടിയാണ് കോടിയേരി ചെയ്തത്.

ഇന്നലെ രാവിലെ സെക്രട്ടേറിയറ്റ് യോഗത്തിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള എന്നിവരുമായി കോടിയേരി പ്രത്യേകം കൂടിക്കാഴ്ച നടത്തി. പിന്നീട് എം.എ. ബേബി കൂടി എത്തി പി.ബി അംഗങ്ങൾ ചേർന്ന് കൂടിയാലോചന നടത്തി. ഈ കൂടിക്കാഴ്ചകളിലും കോടിയേരി തന്റെ നിലപാട് വിശദീകരിച്ചു.

എന്നാൽ, മാറിനിൽക്കുകയെന്ന തീരുമാനത്തോട് നേതാക്കൾ വിമുഖത കാട്ടുകയായിരുന്നു. തുടർന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് നിശ്ചയിച്ചത്. കോടിയേരി തന്നെയാണ് വിഷയം ഉന്നയിച്ചതും. സെക്രട്ടേറിയറ്റിലെ ധാരണയായിരുന്നു കോടിയേരി തന്നെ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുക എന്നത്.

മകനെതിരായ ആരോപണവിവാദം സങ്കീർണ്ണമാകുകയും സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം വൈകുകയും ചെയ്യുന്നത് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന തോന്നലാണ് നേതൃത്വത്തിലുണ്ടാക്കിയത്. മകനെതിരായ വിഷയത്തിൽ പാർട്ടി സെക്രട്ടറിയെ പ്രതിക്കൂട്ടിൽ നിറുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കളേറെയും നേരത്തേ മുതൽ പ്രകടിപ്പിച്ചു വന്നതും. ഇന്ന് സംസ്ഥാനകമ്മിറ്റിയിലും വിഷയം ചർച്ചയ്ക്കു വന്നേക്കാം. ആന്തൂർ നഗരസഭയെ ചൊല്ലിയുള്ള വിവാദവും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിംഗും അതിന്റെ ചുവടുപിടിച്ചുള്ള തിരുത്തൽ നടപടികളുമാണ് യോഗത്തിന്റെ അജൻഡ.