തിരുവനന്തപുരം: ചാരക്കേസിൽ ഉൾപ്പെട്ടതിനുശേഷം ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ അനുഭവിച്ച വേദനയുടെ നേർക്കാഴ്ചയായി പ്രജേഷ് സെൻ സംവിധാനം ചെയ്‌ത 'നമ്പി ദി സയന്റിസ്റ്റ് '. 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ രണ്ടാംദിനം ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ ഷോർട്ട് ഡോക്യുമെന്ററി കൈരളി തീയേറ്ററിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. ഹോമേജ് വിഭാഗത്തിൽ ഫ്രഞ്ച് നവതരംഗ ചിത്രങ്ങളുടെ മുൻനിര സംവിധായിക ആഗ്‌നെസ് വർധയുടെ ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഫെയ്സസ് പ്ലെയ്സസ്, തനൂജ ചന്ദ്രയുടെ എൽ.ജി.ബി.ടി വിഷയമാക്കിയുള്ള 'എ മൺസൂൺ ഡേറ്റ്', ഋതുപർണോഘോഷിന്റെ ജീവിതകഥ പറയുന്ന സംഗീതദത്ത സംവിധാനം ചെയ്‌ത ' ബേർഡ് ഓഫ് ഡസ്‌ക്', കാൻസറിനെ അതിജീവിച്ച ഒഡീസി നർത്തകി ശുഭദ വരദ്കറിന്റെ ജീവിതകഥ പറയുന്ന 'പീക്കോക്ക് പ്ലൂം', ഇ.എം.എസിന്റെ ജീവിതകഥ പറയുന്ന 'പോർട്രേറ്റ് ഓഫ് എ ലോംഗ് മാർച്ച് ഇ.എം.എസ്', മ്യൂസിക് വീഡിയോ വിഭാഗത്തിൽ സംവിധായകൻ പാ രഞ്ജിത്തിന്റെ 'മഗിഴ്ച്ചി ' എന്നിവയാണ് ശ്രദ്ധ നേടിയ മറ്റു ചിത്രങ്ങൾ.
കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 6 ചിത്രങ്ങളും കോമ്പറ്റീഷൻ ഷോർട് ഡോക്യുമെന്ററി വിഭാഗത്തിൽ 6 ചിത്രങ്ങളും കോമ്പറ്റീഷൻ ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ 3 ചിത്രങ്ങളും കോമ്പറ്റീഷൻ കാമ്പസ് ഫിലിംസ് വിഭാഗത്തിൽ 2 ചിത്രങ്ങളുമാണ് ഇന്നലെ പദർശിപ്പിച്ചത്. സ്‌പെഷ്യൽ സ്‌ക്രീനിംഗ് വിഭാഗത്തിൽ ചിറയിൻകീഴ് രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ' ഋതുരാഗം:എ ട്രിബ്യൂട്ട് ടു ശ്രീകുമാരൻതമ്പി ' ഇന്ന് പ്രദർശിപ്പിക്കും. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീകുമാരൻതമ്പിയുടെ അരനൂറ്റാണ്ടിന്റെ കലാജീവിതമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ഡോ.സി.എസ്. വെങ്കിടേശ്വരന്റെ ആർട്ടിസ്റ്റ്സ് സിനിമ എന്ന ക്യൂറേറ്റഡ് പാക്കേജിലെ 13 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് ആയിരുന്ന മിഖായേൽ ഗോർബച്ചേവുമായി ജർമൻ സംവിധായകൻ വെർണർ ഹെർസോഗ് നടത്തിയ അഭിമുഖങ്ങളിലൂടെ മുന്നേറുന്ന ' മീറ്റിംഗ് ഗോർബച്ചേവ്' ആണ് ഇന്നത്തെ മറ്റൊരാകർഷണം. ശരത്ചന്ദ്രൻ അനുസ്‌മരണ പ്രഭാഷണം ഇന്ന് രാവിലെ 9.30ന് ശ്രീ തീയറ്ററിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പി. സായ്‌നാഥ് അവതരിപ്പിക്കും.