തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവരുടെ സമരപ്പന്തൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും പൊളിച്ചുനീക്കി. ഇന്നലെ രാത്രി 9.15ഓടെയായിരുന്നു കോർപ്പറേഷന്റെയും കന്റോൺമെന്റ് പൊലീസിന്റെ നേതൃത്വത്തിൽ സമരപ്പന്തലുകൾ പൊളിച്ചുനീക്കിയത്. ഇതിനെതിരെ അരിപ്പ ഭൂസമരക്കാരും ശ്രീജിത്ത് ഉൾപ്പെടെയുള്ള ഒറ്റയാൾ സമരക്കാരും പ്രതിഷേധിച്ചെങ്കിലും പൊലീസ് വകവച്ചില്ല. സമരക്കാർ വലിച്ചുകെട്ടിയിരുന്ന ടാർപോളിനും, ഫ്ളക്‌സുകളും പൊലീസ് ബലമായി നീക്കി. സമരക്കാർ റോഡിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ പെരുമഴയുമെത്തി. ഇളക്കിമാറ്റിയ ഫ്ളക്‌സുകൾ തലയിൽ വച്ച് മഴയെ ചെറുത്തായിരുന്നു സമരക്കാരുടെ പിന്നീടുള്ള പ്രതിഷേധം. ലോറിയുമായെത്തിയ കോർപ്പറേഷൻ അധികൃതരും പൊലീസും സമരക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ‌ തയ്യാറായില്ല. തുടർന്ന് പൊലീസ് ബലമായി സമരപ്പന്തൽ പൊളിച്ചു നീക്കുകയായിരുന്നു. നഗരസഭാ ജീവനക്കാർ ശ്രീജിത്തിന്റെ ഫ്ളക്‌സുകൾ ബലമായി വലിച്ചെടുത്ത് ലോറിയിൽ കയറ്റുകയായിരുന്നു. 861 ദിവസമായി തുടരുന്ന അരിപ്പ ഭൂമസമരത്തിന്റെ പ്രതിനിധികളായി കോട്ടയം സ്വദേശികളായ ഓമനയും ശാന്തമ്മയുമാണ് സമരപ്പന്തലിൽ ഉണ്ടായിരുന്നത്. സ്ത്രീകളെന്ന പരിഗണന പോലും നൽകാതെ കിടന്ന കട്ടിലിൽ നിന്നും ബലംപ്രയോഗിച്ച് ഇറക്കിവിട്ടതായി അവർ പറഞ്ഞു. മഴ നനഞ്ഞ് സമരം തുടരുമെന്നും ഇതിൽ നിന്നും പിന്നോട്ടില്ലെന്നും ഇരുവരും പറഞ്ഞു. അനുജന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരം ചെയ്യുന്ന ശ്രീജിത്തും പെരുമഴയത്തും സെക്രട്ടറിയേറ്റിന് മുന്നിലെ ഫുട്പാത്തിൽ നിലയുറപ്പിച്ചു. ഭൂമി ആവശ്യപ്പെട്ട് ഒറ്റയാൾ സമരം ചെയ്യുന്ന ശാന്തമ്മ, ശിവദാസൻ, മനു എന്നിവരും സമരപ്പന്തൽ പൊളിച്ചതിലുള്ള പ്രതിഷേധത്തിൽ പങ്കുചേർന്നു. അതേസമയം റിലേ സമരം നടത്തുന്ന കായികാദ്ധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരുടെ പന്തൽ പൊലീസ് പൊളിച്ചില്ല.