തിരുവനന്തപുരം: അമിതവേഗതയിൽ നഗരത്തിൽ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച കാർ പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നഗരത്തെ പരിഭ്രാന്തിയുടെ മുൾമുനയിലാക്കി അപകടപരമ്പരയുണ്ടാക്കി കാർ നിറുത്താതെ പാഞ്ഞത്. കരമനയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളാണ് ആദ്യം കാറിടിച്ച് തെറിപ്പിച്ചത്. രണ്ടരയോടെ വഴുതക്കാട് കമ്മിഷണറേറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പത്തോളം ബൈക്കുകളെയും അതുവഴി കടന്നുപോയ ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.വെള്ളനാട് സ്വദേശി മധുവിനാണ് (59) അപകടത്തിൽ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം പൊലീസ് മൊഴിയെടുക്കും.

കരമനയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ ഇടിച്ചിട്ടശേഷം നിർത്താതെ പോയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കമ്മിഷണറേറ്റിന് മുന്നിൽ അപകടമുണ്ടാക്കിയശേഷം കാർ വെള്ളയമ്പലം വഴി പേരൂർക്കട ഭാഗത്തേയ്ക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. നെടുമങ്ങാട് ഉണ്ടപ്പാറയിലുള്ളതാണ് കാറെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവർ ആരും തന്നെ ഇപ്പോൾ അവിടെ താമസിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.