വിതുര: വിതുര ആദിവാസി മേഖലയായ പട്ടൻകുളച്ചപാറയിൽ താമസിക്കുന്ന പത്മിനിയുടെ കരവിരുതിൽ വരിയുന്നത് പലതരത്തിലുള്ള ഈറ്റയുടെ കമനീയ രൂപങ്ങളാണ്. പുരാതന ഉത്പന്നങ്ങളായ വട്ടയും കുട്ടയും പരമ്പും പായും മുറവുമെല്ലാം പത്മിനി നിർമ്മിക്കും. ഒപ്പം പലതരത്തിലുള്ള കരകൗശല ഉത്പന്നങ്ങളും. കാട്ടാനയും കാട്ടുപോത്തും പുലിയും വസിക്കുന്ന കൊടുംകാട്ടിൽ നിന്നും ഈറ്റ ശേഖരിച്ചാണ് പത്മിനി ഇതെല്ലാം നിർമ്മിക്കുന്നത്. നിരവധികവണ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാഴിഴയ്ക്കാണ് രക്ഷപെട്ടതെന്നും പത്മിനി ഓർക്കുന്നു. നിലവിൽ മുൻപത്തെപോലെ ഈറ്റ കാട്ടിൽ ഇപ്പോഴില്ല. വളരെ കുറവാണ്. ഇത് നിർമ്മാണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ വളരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന ഇത്തരം ഉത്പന്നങ്ങൾ വാങ്ങാനും പഴയതുപോലെ ആൾക്കാർ എത്താത്തതും നിർമ്മാണത്തെ ബാധിച്ചു.
പട്ടിക വർഗ വികസനവകുപ്പിന്റെ കോർപ്പസ് ഫണ്ട് വിനിയോഗിച്ച് പത്മിനി ഇൗറ്റതൊഴിൽ കച്ചവട സംരഭം ആരംഭിച്ചിട്ടുണ്ട്. മുൻപൊക്കെ ചന്തയിൽ കൊണ്ടുപോയി ഇത്തരം ഉല്പന്നങ്ങൾ വൻതോതിൽ വിറ്റഴിക്കുമായിരുന്നു. എന്നാൽ ദൂരെയുള്ള ചന്തകളിൽ സാധനങ്ങൾ എത്തിക്കുവാൻ വാഹനത്തിന് നൽകേണ്ട ചെലവ് കൂടിയതോടെ അതും നിറുത്തി. വനത്തിൽ പത്മിനി മൃഗങ്ങളോട് മല്ലടിച്ച് ഒറ്റക്കാണ് താമസിക്കുന്നത്. ഭർത്താവ് നേരത്തേ ഉപേക്ഷിച്ചുപോയി, മക്കളില്ല. മുഴുവൻ സമയവും ഉത്പന്ന നിർമ്മാണത്തിൽ മുഴുകുകയാണ്. ഇതിന് പുറമേ സഞ്ചാരികൾക്കായി ഏറുമാടവും നിർമ്മിച്ചു നൽകുന്നുണ്ട്. മികച്ച ഒരു കലാകാരി കൂടിയാണ് പത്മിനി. ചെണ്ടമേളം, കമ്പടികളി, കവിതാലാപനം എന്നിവയിലും പ്രാവണ്യം നേടിയിട്ടുണ്ട്. തയ്യൽജോലിയും വശമുണ്ട്.