തിരുവനന്തപുരം : വിശാല കൊച്ചി വികസന അതോറിട്ടിയിലെ (ജി.സി.ഡി.എ) ടൗൺ പ്ലാനിംഗ് ഓഫീസർ, ഡെപ്യൂട്ടി ടൗൺ പ്ലാനിംഗ് ഓഫീസർ നിയമനത്തിനായി പി.എസ്.സിയുടെ മെമ്മോ ലഭിച്ച പട്ടിക വിഭാഗക്കാരെ നിയമിക്കാത്ത കേസ് സുപ്രീംകോടതിയിലേക്ക്. ശനിയാഴ്‌ച നടന്ന പട്ടികജാതി കമ്മിഷൻ ഹിയറിംഗിലും നിയമനം നൽകാനാവില്ലെന്ന് ജി.സി.ഡി.എ ആവർത്തിച്ചു. ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തവ് നടപ്പാക്കാൻ ജി.സി.ഡി.എ തയ്യാറായിട്ടില്ല. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്ന് പട്ടികജാതി കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു.
കോടതി മുഖാന്തരമുള്ള തുടർനടപടി സ്വീകരിക്കാൻ പരാതിക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കോടതി വിധി നടപ്പിലാക്കണമെന്നുള്ള ഉത്തരവിറക്കാൻ കമ്മിഷന് അധികാരമില്ല. കേസുമായി ജി.സി.ഡി.എ സുപ്രീംകോടതിയെ സമീപിച്ചാൽ പരാതിക്കാർക്കാവശ്യമായ നിയമ സഹായം നൽകും. സർക്കാർ ഫണ്ടുപയോഗിച്ചാണ് ജി.സി.ഡി.എ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ജി.സി.ഡി.എയും ലോക്കൽ സെൽഫ് ഗവൺമെന്റും അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വിജ്ഞാപനത്തിലുള്ള യോഗ്യതയില്ലാത്തതിനാലാണ് നിയമനം നൽകാതിരുന്നതെന്ന വാദമാണ് ജി.സി.ഡി.എ ആവർത്തിക്കുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ അപ്പീലിനാവശ്യമായ രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സൂപ്പർവൈസിംഗ് തസ്‌തികയിൽ മുൻപരിചയമില്ലാത്ത ഉദ്യോഗാർത്ഥികളെയാണ് പി.എസ്.സി നിയമിച്ചത്. ഹൈക്കോടതി ഉത്തരവിൽ കേസിൽ തീർപ്പുണ്ടാകുന്നത് വരെ നിയമനം നൽകണമെന്ന് മാത്രമാണ് പറയുന്നതെന്നും ജി.സി.ഡി.എ അറിയിച്ചു.
ജി.സി.ഡി.എ കേസുമായി പോവുകയാണെങ്കിൽ സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു. 2013ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പ്ലാനിംഗ് ഓഫീസർ തസ്‌തികയിൽ ഒന്നാംറാങ്ക് നേടിയ സുഭാഷിനും 2014 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ടൗൺപ്ലാനിംഗ് ഓഫീസർ തസ്‌തികയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ലീലാവതി, ഹിന്ദുജ എന്നിവർക്കുമാണ് പി.എസ്.സി മെമ്മോ കിട്ടി രണ്ട് വർഷം കഴിഞ്ഞിട്ടും നിയമനം നിഷേധിച്ചത്.