ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ജലക്ഷാമം തമിഴ്നാട്ടിലെ രാഷ്ട്രീയപ്രശ്നമായി വളർന്നു തുടങ്ങിയിരിക്കുന്നു. എടപ്പാടി സർക്കാരിനെതിരെ ജനകീയമുന്നേറ്റം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഡി.എം.കെ സമരപരിപാടികൾ തുടങ്ങി. ശനിയാഴ്ച എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണ നടത്തിയ ഡി.എം.കെ ഇന്ന് ചെന്നൈ വള്ളവർകോട്ടത്ത് പാർട്ടി അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും. ഈ സമരം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസ്.പി.വേലുമണി രാജിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. അമ്മ വാട്ടർ ബൂത്തുകൾ 60 ശതമാനത്തിലേറെയും പൂട്ടി.
2015ൽ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ജയലളിതയായിരുന്നു മുഖ്യമന്ത്രി. അടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിക്കാട്ടിയായിരുന്നു തലസ്ഥാനം പിടിക്കാൻ ഡി.എം.കെ ശ്രമിച്ചത്. ജയലളിതയാകട്ടെ ചെന്നൈയിലെ സിറ്റിംഗ് എം.എൽ.എമാരെയെല്ലാം മാറ്റി പുതുമുഖങ്ങളെയാണ് അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളാക്കിയത്. എന്നിട്ടും ചെപ്പോക്ക്, എഗ്മോർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെല്ലാം അണ്ണാ ഡി.എം.കെ തോറ്റു. വെള്ളപ്പൊക്കം ചെന്നൈയെ മാത്രമാണ് ബാധിച്ചതെങ്കിൽ 33 ജില്ലകളുള്ള തമിഴ്നാട്ടിലെ 24 ജില്ലകളെയും വരൾച്ച വരിഞ്ഞു മുറുക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ സർക്കാരിനെതിരെ സമരം തുടങ്ങിയാൽ അത് ലക്ഷ്യത്തിലെത്തിക്കാൻ കഴിയുമെന്നാണ് സ്റ്റാലിന്റെ പ്രതീക്ഷ. പക്ഷേ, രണ്ടു ദിവസമായി ചെന്നൈയിലെ ആകാശം മേഘാവൃതമാണ്. മാനം പൊട്ടി മഴ പെയ്താൽ അത് തമിഴ്മണ്ണിനെയും മനസിനെയും കുളിർപ്പിച്ചാൽ നിരാശപ്പെടേണ്ടി വരും. രണ്ടു ദിവസം മുമ്പു വരെ ചെന്നൈയിലെ ചൂട് 40 ഡിഗ്രിക്ക് മുകളിലായിരുന്നു. ഇപ്പോൾ താഴേക്കു വന്നിട്ടുണ്ട്.
ചെന്നൈയിൽ മാത്രം ദിവസം ആയിരം ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്. സർക്കാരിന് 520 ദശലക്ഷം ലിറ്റർ വെള്ളം എത്തിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ബാക്കി എത്തിക്കുന്നത് സ്വകാര്യ ടാങ്കറുകളാണ്. മറ്റ് ജില്ലകളിൽ ജനം നാലും അഞ്ചും കിലോമീറ്റർ സഞ്ചരിച്ചാണ് കുടിവെള്ളം സംഘടിപ്പിക്കുന്നത്.
മഴ പെയ്യാൻ മടിച്ചു, നിയമം നടപ്പാക്കാൻ സർക്കാരും
കഴിഞ്ഞ രണ്ടു വർഷമായി ലഭ്യമാകുന്ന മഴയുടെ തോത് വളരെ കുറവാണ്. 196 ദിവസം പെയ്യാതിരുന്ന ശേഷം കഴിഞ്ഞ 21ന് രണ്ട് മിനിട്ട് നേരം ഒരു ചാറ്റൽമഴ വന്നുപോയി. ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണമാണ് സ്ഥിതിഗതികൾ ഇത്രത്തോളമെത്തിച്ചത്. കുഴൽക്കണറുകൾ നിർമ്മിക്കുന്നതിന് ഒരു നിയന്ത്രണവുമില്ലായിരുന്നു.
വീടു നിർമ്മിക്കുന്നതോടൊപ്പം മഴവെള്ളസംഭരണി കൂടി നിർബന്ധമാക്കിക്കൊണ്ട് 2003ൽ തമിഴ്നാട് സർക്കാർ നിയമം കൊണ്ടുവന്നതാണ്. എന്നാൽ അത് നടപ്പാക്കുന്ന കാര്യത്തിൽ ശുഷ്കാന്തി കാണിച്ചില്ല.
പുഴയൽ, ഷോളാവർ, പൂണ്ടി, ചെമ്പരംപാക്കം എന്നീ തടാകങ്ങളിൽ നിന്നാണ് ചെന്നൈയിലേക്ക് വെള്ളം എത്തിച്ചിരുന്നത്. ഇതിൽ പൂണ്ടി ഒഴികെ ബാക്കിയെല്ലാം വരണ്ട് കിടക്കുന്നു. നെഞ്ചൂര്, നെന്മേനി എന്നിവിടങ്ങളിലെ കടൽജല ശുദ്ധീകരണ പ്ളാന്റിൽ നിന്നും കടലൂർജില്ലയിലെ വീരളംതടാകത്തിൽ നിന്നുമാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്.
ഇനി സർക്കാർ ചെയ്യുന്നത്
സംസ്ഥാനത്തെ വരൾച്ചാ ദുരിതാശ്വാസത്തിന് 700 കോടിയും ചെന്നൈയ്ക്ക് പ്രത്യേകമായി 200 കോടി രൂപയും വകയിരുത്തിയ സർക്കാർ ജോലാർപേട്ടിൽ നിന്നും ട്രെയിനിൽ വെള്ളമെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെട്രോ വാട്ടർ പദ്ധതിയനുസരിച്ച് 9800 ലോറിട്രിപ്പുകളിൽ വെള്ളമെത്തിക്കും. കൂടുതൽ കടൽജല ശുദ്ധീകരണ പ്ളാന്റുകൾ തുടങ്ങുക, ക്വാറികളിൽ നിന്നും മറ്റും വെള്ളം എത്തിക്കുക എന്നിവയാണ് മറ്റ് പ്ളാനുകൾ. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യവും കാവേരിയിൽ നിന്നും കിട്ടേണ്ട വെള്ളത്തിന്റെ വിഹിതവും വരുംദിവസങ്ങളിൽ ഉയർന്നു വരും.