തിരുവനന്തപുരം: വഴി തെറ്റിപ്പോകുന്ന യൗവനത്തെ നേർവഴിക്കു നടത്തുന്ന മാതൃത്വത്തിന്റെ മഹത്വത്തെ വിളംബരം ചെയ്ത് 'അമ്മമനസ്' എന്ന പാവനാടകം. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രതിമാസ പരിപാടിയായ 'സംസ്‌കൃതി'യുടെ ഭാഗമായി വിഷൻ ഒഫ് ലൈഫ് പപ്പറ്റ് ഡ്രാമ ടീമാണ് നാടകം അവതരിപ്പിച്ചത്. വർത്തമാനകാല ജീവിതത്തിലെ ചില ശ്രദ്ധേയമായ കാഴ്ചകൾ നർമ്മത്തിന്റെ അകമ്പടിയോടെയാണ് ആവിഷ്‌കരിച്ചത്.
തലമുറകൾ തമ്മിലുള്ള അന്തരത്തെ കുറിച്ച്, വ്യക്തിബന്ധങ്ങളിൽ കെട്ടുറപ്പും മൂല്യബോധവും വളർത്തുന്നതിനായി ആഹ്വാനം ചെയ്യുന്ന സന്ദേശമാണ് പാവനാടകത്തിലൂടെ വിഷൻ ഒഫ് ലൈഫ് പപ്പറ്റ് ഡ്രാമ ടീമിലെ സുനിലും കൂട്ടരും സദസുമായി പങ്കുവച്ചത്. കൈയുറ പാവനാടകരംഗത്ത് കഴിഞ്ഞ എട്ടുവർഷമായി സജീവസാന്നിദ്ധ്യമായ സുനിലിനെ കൂടാതെ ബാലു താന്നിമൂട്, ജോജി വഴയില, അബിൻ രാജ് രാജാജി നഗർ, അരുൾ സുനിൽ, അഭിഷേക് കഴക്കൂട്ടം, പോൾ കെ. മാത്യു എന്നിവരും ഈ കലാപ്രകടനത്തിന്റെ ഭാഗമായി.
കാര്യവട്ടം ശ്രീകണ്ഠൻനായർ രചനയും രചനയും സംവിധാനവും നിർവഹിച്ച് കേരള കലാസമിതി അവതരിപ്പിച്ച 'കാശി' എന്ന നാടകവും അരങ്ങേറി. ആരോഗ്യകരമായ മാറ്റങ്ങളിലൂടെ മാത്രമേ, നമ്മൾ സ്വപ്നം കാണുന്ന നവകേരളത്തിന് അടിത്തറ കെട്ടിപ്പടുക്കാനാകൂവെന്ന സത്യം നാടകം മുന്നോട്ടുവച്ചു. ബിയാട്രിസ് ഗോമസ്, സോമൻ നായർ കാവുവിള, ജയകൃഷ്ണൻ കാര്യവട്ടം, ബാലകൃഷ്ണൻ ശബരീശം, സെറാഫിൻ നോക്‌സ്, ജസിന്ത മോറിസ്, മാസ്റ്റർ ജോമിറ്റ് ചാൾസ്, സെബാസ്റ്റ്യൻ ജൂലിയൻ എന്നിവർക്കൊപ്പം സംവിധായകനും അരങ്ങിലെത്തി.