maram-1

 ആർക്കിടെക്റ്റ് ശങ്കർ ആ ആൽമരത്തിനു വേണ്ടി ഒരുപാട് യുദ്ധം ചെയ്തു. ഇലകൾ ശല്യമാകുന്നുവെന്ന അയൽവാസിയുടെ പരാതിയിൽ ഓഫീസ് മുറ്റത്തെ കൂറ്റൻ ആൽമരം ഇന്നലെ മുറിച്ചു

തിരുവനന്തപുരം: കരൾ മുറിയുന്ന വേദനയോടെ ആർക്കിടെക്റ്റ് ശങ്കർ ഫേസ്‌ബുക്കിൽ ഇന്നലെ ആ കുറിപ്പെഴുതി: ഇരുപതാണ്ടായി മുറ്റത്ത് തണലിന്റെ ആകാശവട്ടം തീർക്കുന്ന ആൽമരമേ, മാപ്പ്. കാറ്റിൽ പൊഴിഞ്ഞ് അയൽവാസിയുടെ പിൻമുറ്റത്തേക്ക് അനുസരണയില്ലാതെ പറക്കുന്ന ഇലകളേ, നിങ്ങളെ ഞാൻ എങ്ങനെ തടഞ്ഞുനിർത്താനാണ്?

പൂജപ്പുരയിൽ ഹാബിറ്റാറ്റിന്റെ ഓഫീസ് മുറ്റത്ത്, അമരക്കാരൻ ജി. ശങ്കറും ഭാര്യയും ഓഫീസ് ജീവനക്കാരും ചേർന്ന് രണ്ടു പതിറ്റാണ്ടായി സ്നേഹിച്ചു പരിപാലിച്ച കൂറ്റൽ ആൽമരം ഇനി ശങ്കറിന്റെ ഫാമിലി ആൽബത്തിലേയുള്ളൂ. ഇന്നലെ അതിന്റെ കടയ്ക്കൽ മഴുത്തലപ്പ് വീണു. ആ മരത്തിനു വേണ്ടി വലിയ യുദ്ധം നടത്തി പൊരുതിത്തളർന്നയാളാണ് ശങ്കർ. അയൽവാസിയായിരുന്നു പരാതിക്കാരൻ. ഇലകൾ അയാളുടെ മുറ്റത്തു വീഴുന്നു!

പൊലീസ് കേസായി. കൊമ്പുകൾ മുറിച്ചുമാറ്റാമെന്ന കരാറിൽ ശങ്കർ അവനെ രക്ഷിച്ചുനിറുത്തി. ശിഖരങ്ങൾക്ക് വീണ്ടും തളിർക്കാതെ വയ്യല്ലോ. വീണ്ടും ഇലകൾ പൊഴിഞ്ഞു. പിന്നെയും പരാതി. അങ്ങനെ പലവട്ടം. ഇനി ഒരില അപ്പുറം വീണാൽ പൂർണ ഉത്തരവാദിത്വം എറ്റുകൊള്ളാമെന്ന് പൊലീസ് എഴുതി വാങ്ങി. നേതാക്കൾ മധ്യസ്ഥരായി.

നാൽപത് അടി ഉയരമുള്ള ആൽമരത്തിന്റെ ഇലകൾ മതിലിനപ്പുറം വീഴരുതെന്നാണ് കരാർ. ഇലകൾ അനുസരിച്ചില്ല. ശങ്ക‌‌ർ തോറ്റു. നഗരത്തിന്റെ ഹരിതഭംഗി സംരക്ഷിക്കാൻ പോരാടുന്ന പരിസ്ഥിതി പ്രവർത്തകരിൽ മുന്നിലുള്ള തനിക്ക് സ്വന്തം ഓഫീസ് മുറ്റത്തെ മരം പോലും കാക്കാനായില്ലല്ലോ. ചെറുതായിരുന്നില്ല ആ സങ്കടം.

ഫേസ് ബുക്ക് പോസ്റ്റ് കണ്ട് വിളിച്ചപ്പോൾ ശങ്കറിന്റെ ശബ്ദമിടറി: "ആ സാധു മരം ഇനി ആരുടെയും ഉറക്കം കെടുത്തേണ്ട. ഇരുപതു വർഷത്തെ ബന്ധമാണ് ഇത്തിരി നേരംകൊണ്ട് മുറിച്ചുമാറ്റേണ്ടിവന്നത്. അതിന്റെ നോവുണ്ട്. ഞാൻ പരാജിതനായി മടങ്ങുന്നു."

പരിസ്ഥിതി സൗഹൃദ പാർപ്പിടങ്ങളുടെ ശില്പിയുടെ ആൽബത്തിൽ, ഒരില പോലും അനക്കാതെ, അയൽവാസിക്കു ശല്യമാകാതെ അനുസരണശീലത്തോടെ ആ ഓർമ്മയുടെ പച്ചപ്പ് ബാക്കിയുണ്ട്.