തിരുവനന്തപുരം: 'നൈജീരിയയിൽ നിന്ന് കേരളത്തിലെ നിർമ്മാണ മേഖലയിലെത്തിയപ്പോൾ എന്തെല്ലാം ബുദ്ധിമുട്ടാണ് തോന്നിയത്..?" പ്രാദേശിക ചാനലിലെ മാദ്ധ്യമ പ്രവർത്തകന്റെ ഈ ചോദ്യത്തിന് അന്ന് ഉത്സാഹത്തോടെ മറുപടി പറഞ്ഞ സാജൻ പാറയിൽ ഇന്ന് കേരളത്തിന്റെ കണ്ണീരു പൊടിയുന്ന ഓർമ്മയാണ്. കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ഓടിനടക്കുന്ന സർക്കാരിനു മുന്നിൽ സാജന്റെ ശബ്ദം ഒരിക്കൽക്കൂടി മുഴങ്ങുന്നു: 'എന്തു കാര്യത്തിനും സർക്കാർ ഓഫീസുകളിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ചാൽ ഇവിടെ ഈസിയായി നിക്ഷേപം വരും"!
മരിക്കുന്നതിന് ഏറെ നാളുകൾക്കു മുമ്പ് പ്രാദേശിക ചാനലിന് സാജൻ നൽകിയ അഭിമുഖമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. കണ്ണൂരിന്റെ വികസനമാണ് വിഷയം. നാട്ടിൽ വ്യവസായങ്ങൾ തുടങ്ങാനിറങ്ങുന്ന നിക്ഷേപകരുടെ ബുദ്ധിമുട്ടുകൾ സാജൻ പറയുന്നു: 'ഗവൺമെന്റിൽ നിന്നുള്ള സപ്പോർട്ട് വളരെ മോശമാണ്. നിലവിലെ സിസ്റ്റം മാറ്റിയെടുക്കണം. കണ്ണൂർ എയർപോർട്ട് വന്നതോടെ നിർമ്മാണ മേഖലയിൽ നല്ല സ്കോപ്പുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലും മാറ്റം വരും".
20 വർഷത്തെ പ്രവാസ ജീവിതം നൽകിയ സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു കണ്ണൂരിൽ നിക്ഷേപത്തിനു തയ്യാറായത്. ചില വില്ല പ്രോജക്ടുകളുടെ നിർമ്മാണം നടന്നു വരികയായിരുന്നു. അതിനിടെയാണ് 18 കോടി മുടക്കിയ കൺവെൻഷൻ സെന്റർ പ്രതിസന്ധിയിലായത്.
നിർമ്മാണ മേഖലയിലെ വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് സാജന്റെ മറുപടി ഇങ്ങനെ: 'ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഒരു സപ്പോർട്ടുമില്ല. ആദ്യം അവർ മണലിന്റെ പ്രശ്നം പറയും. അതു നേരിടുമ്പോൾ കല്ലിന്റെ പ്രശ്നം വരും. സിമന്റുണ്ടാകുമ്പോൾ കമ്പിയുണ്ടാകില്ല, കമ്പിയുണ്ടാകുമ്പോൾ പണിക്കാരെ കിട്ടില്ല, ഇങ്ങനെ മോശമായ നിലയിലാണ് പോകുന്നത്. ഗവൺമെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയാൽ വികസനത്തിന്റെ കാര്യത്തിൽ മാറ്റമുണ്ടാകും".
സാജന്റെ സ്വപ്നങ്ങൾ
നൈജീരിയയിലെ സംരംഭങ്ങൾക്കൊപ്പം നാട്ടിലെ വ്യവസായം കൂടി നോക്കി നടത്തി, നാടിന്റെ സ്നേഹത്തണലിൽ കുടുംബത്തിനൊപ്പം സമാധാനപൂർണമായ ജീവിതം സ്വപ്നം കണ്ട് എത്തിയതായിരുന്നു സാജൻ. ആ പ്രതീക്ഷകളും അഭിമുഖത്തിൽ സാജൻ പങ്കുവയ്ക്കുന്നുണ്ട്: 'നൈജീരിയയിലെ ഞങ്ങളുടെ സ്ഥാപനങ്ങൾ നോക്കാൻ ആളുണ്ട്. ഇടയ്ക്ക് അവിടെപ്പോകും. അങ്ങനെ രണ്ടും ഒരുമിച്ച് കൊണ്ടു പോകാനാണ് താത്പര്യം". വിദ്യാഭ്യാസ മേഖല, ചികിത്സാ മേഖല... സാധാരണ ജനങ്ങൾക്കു പ്രയോജനമാകുന്ന ഒട്ടേറെ പദ്ധതികളുണ്ടായിരുന്നു സാജന്റെ സങ്കല്പത്തിൽ. കൺവെൻഷൻ സെന്ററും വില്ല പ്രോജക്ടും വിജയിച്ചാൽ അടുത്ത സംരംഭങ്ങളിലേക്കു കടക്കാനിരിക്കുകയായിരുന്നു. ഭാര്യ ബീന, മക്കൾ പാർത്ഥിവ്, അർപ്പിത... അവരെക്കുറിച്ചൊക്കെ സാജൻ അഭിമുഖത്തിൽ പറയുന്നുണ്ട്. മകന്റെ പേരാണ് സാജൻ കൺവെൻഷൻ സെന്ററിനിട്ടിത്.
രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനും ഉദ്യോഗസ്ഥരുടെ പിടിവാശിക്കും മുന്നിൽ സാജന്റെ കൺവെൻഷൻ സെന്ററിന്റെ ലൈസൻസ് ഒരു ഒപ്പിനു കാത്ത് ഏറെനാൾ കിടന്നു. എന്തായിരുന്നു നിർമ്മാണക്കുഴപ്പമെന്ന് ഇപ്പോഴും ആരും പറയുന്നില്ല. നിക്ഷേപകന്റെ സങ്കടം മുഴുവൻ അഭിമുഖത്തിൽ പങ്കുവച്ചാണ് സാജൻ യാത്ര പറയാതെ പോയത്.