loan

തിരുവനന്തപുരം: മഹാപ്രളയത്തിൽ സർവവും നഷ്ടപ്പെട്ട കർഷകർക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച കാർഷികവായ്പാ ജപ്തികളിലെ മോറട്ടോറിയം സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എൽ.ബി.സി) തള്ളി. നാളെ ബാങ്ക് പ്രതിനിധികളുമായി സമിതിയുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കെയാണ് മോറട്ടോറിയം ഈ ഡിസംബർ വരെ നീട്ടാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി മാദ്ധ്യമങ്ങളിലൂടെ എസ്.എൽ.ബി.സി ഇന്നലെ പരസ്യം നൽകിയത്.

വായ്പാ തിരിച്ചടവിന്റെ കാലാവധി നീട്ടുന്ന മോറട്ടോറിയം ഇൗ വർഷം ജൂലായ് 31 വരെ മാത്രമായിരിക്കുമെന്നും സമിതി പറയുന്നു. അതേസമയം ബാങ്കുകളുടെ നീക്കം ചെറുക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്കും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും പറഞ്ഞു.

തിരുവനന്തപുരത്ത് ഭവനവായ്പയെടുത്ത കുടുംബത്തിലെ അമ്മയും മകളും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു എസ്.എൽ.ബി.സിയുടെ പരസ്യം. 2002ൽ സർഫാസി നിയമം വന്നതോടെ കളക്ടറുടെ സഹായമില്ലാതെ ബാങ്കുകൾക്ക് നേരിട്ട് ജപ്തി നടപ്പാക്കാമെന്ന് പരസ്യത്തിൽ പറയുന്നു. ഇതിനോടു ചേർത്താണ് പ്രത്യേകം തലവാചകത്തോടെ മോറട്ടോറിയത്തിലെ നിലപാട് പറയുന്നത്.

പ്രളയമുണ്ടായ സാഹചര്യത്തിൽ വായ്പാജപ്തി മോറട്ടോറിയം നിയമത്തിലുള്ളതാണ്. എന്നാൽ അത്, തീരുമാനമെടുത്ത ദിവസം മുതൽ ഒരുവർഷത്തേക്കോ, അല്ലെങ്കിൽ ഇൗ വർഷം ജൂലായ് 31 വരെയോ മാത്രമായിരിക്കും. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കിൽ അവയ്ക്ക് റിസർവ് ബാങ്ക് അംഗീകാരവും സാധുതയും ഉണ്ടായിരിക്കുമെന്നും പരസ്യത്തിൽ പറയുന്നു. 2018 ആഗസ്റ്റ് 21നാണ് സംസ്ഥാനത്ത് മോറട്ടോറിയം പ്രഖ്യാപിച്ചത്. 2018 ആഗസ്റ്റ് 8 മുതൽ 16 വരെയായിരുന്നു പ്രളയം. പ്രളയത്തെത്തുടർന്ന് 9 ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി.

ഇൗ വർഷം ജനുവരി മുതൽ ജൂൺ വരെ 10 കർഷകർ ആത്മഹത്യ ചെയ്തു. ഇതേത്തുടർന്ന് കഴിഞ്ഞ മാർച്ച് 5 ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം കാർഷിക വായ്പകൾക്കു പുറമേ ഇതര വായ്പകളിലും മോറട്ടോറിയം നടപ്പാക്കാനും ഇതിന്റെ കാലാവധി ജൂലായ് 31ൽ നിന്ന് ഡിസംബർ 31 വരെയാക്കാനും തീരുമാനിച്ചിരുന്നു. കാർഷിക കടാശ്വാസ കമ്മിഷൻ ആനുകൂല്യം സഹകരണബാങ്കുകൾക്കു പുറമെ വാണിജ്യ ബാങ്കുകൾക്കും ബാധകമാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ ഉത്തരവിറക്കാനായില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതിനു ശേഷം മോറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്നതിനോട് റിസർവ് ബാങ്ക് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇൗ സാഹചര്യത്തിലാണ് നാളെ എസ്.എൽ.ബി.സി.യോഗം വിളിച്ച് ചർച്ച നടത്താനും റിസർവ് ബാങ്കിനെ സമീപിക്കാനും സർക്കാർ തീരുമാനിച്ചത്.

കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകരുടെ വായ്പകൾക്ക് സാവകാശം നൽകില്ലെന്നു പറയുന്നത് പ്രതിഷേധാർഹമാണ്. ഇതിനെ എല്ലാ മാർഗവുമുപയോഗിച്ച് ചെറുക്കും. നാളത്തെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

-ധനമന്ത്രി ടി.എം. തോമസ് ഐസക്

പ്രളയം ബാധിച്ചത് 9 ജില്ലകളെ

31000 കോടി രൂപയുടെ ആസ്തിനഷ്ടം

 2000 കോടി കാർഷിക വിളനഷ്ടം

 2018 ൽ ആത്മഹത്യ ചെയ്തത് 8 കർഷകർ

 2019 ജനുവരി മുതൽ ജൂൺ വരെ ആത്മഹത്യ ചെയ്തത് 10 കർഷകർ

മോറട്ടോറിയം നാൾ വഴി

 2018 ആഗസ്റ്റ് 21

പ്രളയത്തെത്തുടർന്ന് കാർഷികവായ്പകൾക്കും ചെറുകിടവ് യവസായ, വ്യാപാര വായ്പകൾക്കും ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് എസ്.എൽ.ബി.സി

 2018 ഒക്ടോബർ 12

സംസ്ഥാന സർക്കാർ കാർഷിക-കാർഷികേതര വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു.

 2019 മാർച്ച് 5

കാർഷിക വായ്പാജപ്തികൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ മന്ത്രിസഭാ നിർദ്ദേശം

 2019 മാർച്ച് 6

മോറട്ടോറിയം ഡിസംബർ വരെ നീട്ടാൻ എസ്.എൽ.ബി.സി തത്വത്തിൽ സമ്മതിച്ചു. റിസർവ് ബാങ്കിന് അനുമതി അപേക്ഷ നൽകാൻ തീരുമാനിച്ചു

2019 ജൂൺ 20

മോറട്ടോറിയം കാലാവധി ഡിസംബർ വരെ നീട്ടുന്നതിൽ റിസർവ് ബാങ്ക് അനുമതിയില്ല. സ്ഥിതി നോക്കി സംസ്ഥാനതലത്തിൽ തീരുമാനിക്കാൻ നിർദ്ദേശം

 2019 ജൂൺ 23

മോറട്ടോറിയം നീട്ടുന്നില്ലെന്ന് സൂചിപ്പിച്ച് എസ്.എൽ.ബി.സിയുടെ പരസ്യം