secretariat

തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഓഫീസിനായി സർക്കാർ കണ്ടുവച്ച സെക്രട്ടേറിയറ്റിന് സമീപത്തെ വിവാദ കെട്ടിടത്തിലേക്ക് സംസ്ഥാന മുന്നാക്ക വികസന കോർപറേഷൻ ഓഫീസ് മാറ്റുന്നതിനുള്ള ഫയൽ ധനവകുപ്പ് മടക്കി. താങ്ങാനാവാത്ത ചെലവ് ചൂണ്ടിക്കാട്ടിയാണ് പുന്നൻ റോഡിലെ കൽസർ ഹീതർ സമുച്ചയത്തിലേക്ക് മാറണമെന്ന അപേക്ഷ പൊതുഭരണ വകുപ്പിലേക്ക് മടക്കിയത്.

ഈ സ്വകാര്യ കെട്ടിടം റീബിൽഡ് കേരള ഇനിഷ്യേറ്റീവിനായി നവീകരിക്കാൻ 88 ലക്ഷം രൂപ അനുവദിച്ച ഉത്തരവിനെതിരെ പ്രതിപക്ഷമുൾപ്പെടെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുന്നാക്ക വികസന കോർപറേഷനും അപേക്ഷിച്ചത്. അമ്പതിനായിരം രൂപ വാടകയുള്ള കവടിയാറിലെ കെട്ടിടത്തിലാണ് മുന്നാക്ക വികസന കോർപറേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. കെട്ടിടം മാറുന്നതിനായി നൽകിയ അപേക്ഷയിൽ 'കൽസർ ഹീതറിൽ" വാടക ഒന്നര ലക്ഷമാകും. കൂടാതെ അഡ്വാൻസായി അഞ്ച് ലക്ഷവും നൽകണം. ഫർണിഷിംഗിനായി 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും വക കൊള്ളിച്ചു. ഇത്രയും ഭീമമായ തുക അനുവദിക്കാൻ തത്കാലം പ്രയാസമാണെന്ന് കാണിച്ചാണ് ഫയൽ മടക്കിയത്. പൊതുമരാമത്ത് നിരക്കിൽ എസ്റ്റിമേറ്റുമായി വരാനും നിർദ്ദേശിച്ചു.

പൊതുഭരണ വകുപ്പിലേക്ക് മടങ്ങിയതോടെ ഫയൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിലാണ്. മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രൂപീകരിച്ച കോർപറേഷന്റെ ഇപ്പോഴത്തെ ചെയർമാൻ കേരള കോൺഗ്രസ് ബി ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയാണ്.

കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമിട്ട് യു.എൻ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനുള്ളതാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ്. യു.എൻ ഏജൻസികളോടും മറ്റുമായി നിരന്തരം ബന്ധപ്പെടേണ്ടതിനാൽ സെക്രട്ടേറിയറ്റിൽ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് കെട്ടിടത്തിലേക്ക് ഓഫീസ് ഒരുക്കാൻ തീരുമാനമുണ്ടായത്. എന്നാൽ 88 ലക്ഷം രൂപ ചെലവിട്ടുള്ള നവീകരണത്തിന്റെ ഉത്തരവ് വിവാദമായതോടെ തത്കാലം മരവിപ്പിച്ചെന്നാണ് അറിയുന്നത്.