തിരുവനന്തപുരം: വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോയ കാറിന്റെ ഉടമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മലയിൻകീഴ് തറട്ട വില്ലയിൽ മിനി ജോയിയാണ് (39) ഇന്നലെ രാവിലെ 10.30ന് കന്റോൺമെന്റ് സ്റ്റേഷനിൽ കീഴങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 ഓടെയാണ് നഗരത്തെ പരിഭ്രാന്തിയിലാക്കിയ അപകട പരമ്പരയുണ്ടായത്. നേമത്ത് ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് അപകടങ്ങൾ ഉണ്ടായതെന്ന് ഇവർ മൊഴി നൽകി. കരമനയിൽ വച്ച് മിനി ജോയിയുടെ കാർ മറ്റൊരു കാറിലിടിച്ചു. ഇതോടെ പരിഭ്രാന്തയായി നിറുത്താതെ പായുകയായിരുന്നു. അപകടത്തിൽ പെട്ട കാറും ഇവരെ പിന്തുടർന്ന് വന്നെങ്കിലും കിള്ളിപ്പാലത്തെ ട്രാഫിക് ഐലന്റിൽ വച്ച് ഇതിനെ മറികടന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ വഴുതക്കാടെത്തിയപ്പോൾ നിയന്ത്രണം വിട്ട് കമ്മിഷണറേറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പത്തോളം ബൈക്കുകളെയും അതുവഴി കടന്നുപോയ ആട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ആട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. കമ്മിഷണറേറ്റിന് മുന്നിൽ അപകടമുണ്ടാക്കിയശേഷം കാർ വെള്ളയമ്പലം വഴി പേരൂർക്കട ഭാഗത്തേക്ക് പോയി. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് മിനി ജോയി സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തശേഷം ഉച്ചയ്‌ക്ക് 2.30ന് മിനിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വെള്ളയമ്പലത്തു വച്ച് പരിക്കേറ്റ ആട്ടോറിക്ഷ ഡ്രൈവർ വെള്ളനാട് സ്വദേശി മധുവിനെ (59) തലയ്ക്ക് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.