വൈവിദ്ധ്യങ്ങളുടെ കലവറയാണ് ഇക്കാണുന്ന പ്രപഞ്ചം. കോടാനുകോടി ഇനങ്ങൾ ഉൾക്കൊള്ളുന്നതായ ഈ പ്രപഞ്ചത്തെ ഓരോ ഇനങ്ങളും അവയുടെ ആവാസകേന്ദ്രമായി അനുഭവിക്കുന്നു. ഈ അനുഭവസ്വാതന്ത്ര്യത്തെ നിഷേധിക്കാനോ വിലക്കാനോ മറ്റ് യാതൊന്നിനും അധികാരമോ അവകാശമോ ഇല്ല. കാരണം ഓരോ ഇനത്തിനും ഈ പ്രപഞ്ചത്തിൽ അധിവസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുള്ളത് മറ്റേതെങ്കിലുമൊരു ഇനമല്ല. എല്ലാ ഇനങ്ങളെയും ഈ പ്രപഞ്ചത്തിന്റെ ഭാഗമായി സൃഷ്ടിക്കുന്നതും വളർത്തുന്നതും നിലനിറുത്തുന്നതും പരിണമിപ്പിക്കുന്നതും ക്ഷയിപ്പിക്കുന്നതും ഒടുവിൽ രൂപരഹിതമായ നിലയിലേക്കു മടക്കി അയയ്ക്കുന്നതുമെല്ലാം യാതൊരു ശക്തിസ്വരൂപമാണോ, ആ ശക്തിസ്വരൂപമാണു സർവതിനും ഈ സ്വാതന്ത്ര്യത്തെ അനുവദിച്ചു നല്കിയിരിക്കുന്നത്.
ഒരു മുല്ലവള്ളിക്ക് പുഷ്പിക്കുന്നതിനും ഒരു മത്സ്യത്തിന് നീന്തിത്തുടിക്കുന്നതിനും ഒരു പക്ഷിക്ക് പറക്കുന്നതിനും ഒരു പൂവിന് സുഗന്ധം പരത്തുന്നതിനും മറ്റൊന്നിന്റെയും അനുവാദമോ സമ്മതമോ വേണ്ടതില്ലെന്നതാണു പ്രകൃതിതത്ത്വം. ആ പ്രകൃതിതത്ത്വം തന്നെയാണ് ഈ ഭൂമിയിലേക്കു പിറന്നുവീഴുന്ന ഓരോ മനുഷ്യനും ഈ പ്രപഞ്ചത്തെ അനുഭവിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നതും. എന്നാൽ ഈ മൗലികമായ സ്വാതന്ത്ര്യം ഓരോരോ കാലഘട്ടങ്ങളിൽ മനുഷ്യരാൽ അട്ടിമറിക്കപ്പെട്ടു. ഇതിൽ നിന്നാണ് കലുഷിതമായ മനുഷ്യചരിത്രം രൂപപ്പെട്ടു തുടങ്ങിയത്. ആ ചരിത്രമാകട്ടെ ആധുനികകാലത്ത് ചെന്നെത്തി നിൽക്കുന്നത് ബഹുഭൂരിപക്ഷം ഒരു ന്യൂനപക്ഷത്തിനു കീഴിൽ അസ്വതന്ത്രരാക്കപ്പെടുന്ന അസമത്വത്തിലേക്കായിരുന്നു.
ഈ പ്രപഞ്ചത്തെയാകെ അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും സ്വയമേറ്റെടുത്ത ഈ ന്യൂനപക്ഷമാണ് ചാതുർവർണ്യത്തിന്റെ നിർമ്മാതാക്കൾ. അത് സംരക്ഷിക്കപ്പെടുന്നതിനായി അവർ ധർമ്മസംഹിതകളും നിയമസംഹിതകളുമുണ്ടാക്കി വിനിമയം ചെയ്തു. ദൈവത്തിന്റെ പേരും മറയും അതിന് അവർ പ്രയോജനപ്പെടുത്തി. അങ്ങനെ ഭരണാധികാരികൾ വരെ അവരുടെ പൗരോഹിത്യത്തിന്റെ ഉത്പന്നങ്ങളും ഉപകരണങ്ങളുമായി മാറി. ഇതിന്റെ തുടർച്ചകളിൽ നിന്നാണ് മനുഷ്യവിഭജനങ്ങൾ പെരുകിയതും വിശ്വാസവൈവിദ്ധ്യങ്ങളും ആചാരപ്പെരുമകളും വർദ്ധിച്ചതും. അതോടെ മനുഷ്യന്റെ ജീവന് മണ്ണിന്റെ വിലപോലുമില്ലാത്ത സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെട്ടു.
ഒരിക്കൽ ഒരു അണക്കെട്ടിനെച്ചൊല്ലി രണ്ട് രാജാക്കന്മാർ തമ്മിൽ വലിയ തർക്കമുണ്ടായി. അത് ഒരു യുദ്ധത്തിന്റെ വക്കിലെത്തി. ഇരുരാജാക്കന്മാരുടെയും സൈന്യങ്ങൾ യുദ്ധസജ്ജരായി ശത്രുപക്ഷത്തെ കൊന്നൊടുക്കാനുള്ള ആവേശത്തോടെ നിലകൊണ്ടു. അപ്പോൾ അപ്രതീക്ഷിതമായി ഭഗവാൻ ബുദ്ധൻ അവിടെയെത്തിച്ചേർന്നു. ഇരുകൂട്ടരും അവരവരുടെ പരാതികളും വാദങ്ങളും ബുദ്ധനു മുന്നിൽ നിരത്തി. ഒരു കൂട്ടർക്കുണ്ടാകുന്ന പ്രയോജനവും അതുകൊണ്ടു മറ്റൊരു കൂട്ടർക്കുണ്ടാകുന്ന ദുരിതങ്ങളുമെല്ലാം കേട്ടശേഷം ബുദ്ധൻ ഏറ്റുമുട്ടാനുറച്ചു നില്ക്കുന്ന രാജാക്കന്മാരെ നോക്കിപ്പറഞ്ഞു :
''ഒരു യുദ്ധമുണ്ടായാൽ അനേകമാളുകൾ കൊല്ലപ്പെടുമെന്നത് തീർച്ചയാണ്. നിങ്ങളുടെ ജീവനും അപകടത്തിലായേക്കും. അങ്ങനെയല്ലേ?""
''അതേ''എന്ന് രാജാക്കന്മാർ ഒന്നിച്ച് സമ്മതിച്ചു.
അപ്പോൾ ബുദ്ധൻ ചോദിച്ചു.
''ജനങ്ങളുടെ ജീവൻ ഒരു മൺകൂനയേക്കാൾ വിലയില്ലാത്തതാണോ?""
''അല്ല""എന്ന് ഒരേ ശബ്ദത്തിൽ രണ്ടു രാജാക്കന്മാരും മറുപടി പറഞ്ഞു. അവരുടെ മറുപടിയിലെ യോജിപ്പ് കണ്ടിട്ട് ബുദ്ധൻ മടങ്ങുന്നതിനു മുൻപായി പറഞ്ഞു.
''ബുദ്ധിയുള്ള ആരെങ്കിലും വിലമതിയാത്തതിനെ വിലയില്ലാത്തതിനു പണയപ്പെടുത്തുമോ? നിങ്ങൾ അതിനാണോ ഒരുമ്പെടുന്നത്?""
അതുകേട്ട് ഇരുരാജാക്കന്മാരും അവരുടെ ബുദ്ധിശൂന്യതയോർത്ത് ലജ്ജിതരായി. അവരുടെ കോപവും ശത്രുതയും കെട്ടടങ്ങി. ഒടുവിലവർ ആത്മമിത്രങ്ങളായി പിരിഞ്ഞുപോയി. വിയോജിപ്പിനിടയിലെ യോജിപ്പിന്റെ തലം ഉയർത്തി അവരെ ഒന്നിപ്പിക്കാൻ ബുദ്ധനു കഴിഞ്ഞത് അവരുടെ അറിവില്ലായ്മയെ ബോദ്ധ്യപ്പെടുത്തി പുതിയ അറിവ് പകർന്നതു വഴിയാണ്. ഇതുപോലെ ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരുകളിൽ പരസ്പരം ഭിന്നിച്ചും തമ്മിൽത്തമ്മിൽ പോരടിച്ചും കഴിഞ്ഞിരുന്ന ജനങ്ങളെ സർവ വിയോജിപ്പുകൾക്കും അപ്പുറമുള്ള യോജിപ്പിന്റെ സർവസാഹോദര്യത്തിന്റെ തത്ത്വശാസ്ത്രമാണ് ഗുരുദേവതൃപ്പാദങ്ങൾ 1888 ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ആധുനികലോകത്തിന് നല്കിയത്.
''ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്. ""
131 വർഷങ്ങൾക്കുശേഷം ആ ദർശനത്തിൽ നിന്നുകൊണ്ട്, അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അഭ്യുന്നതിക്കും കരുത്ത് പകരാനും പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനും നയിക്കാനും കേന്ദ്രസർക്കാർ മുന്നോട്ടു വന്നിരിക്കുന്നു. രാഷ്ട്രപതി ഇക്കഴിഞ്ഞ ജൂൺ 20 നു ചേർന്ന ഇന്ത്യൻ പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ നടത്തിയ ഗുരുദർശനത്തിന്റെ പ്രഖ്യാപനം പുതിയ ഇന്ത്യയ്ക്കൊപ്പം സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തിന്റെ സംസ്ഥാപനത്തിനു കൂടി വഴിയൊരുക്കുന്നതായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.