വിഴിഞ്ഞം: വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മന്ദിര നിർമ്മാണങ്ങൾ പ്രതിസന്ധിയിൽ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 3.31 കോടി പദ്ധതിയുടെ ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാതായതോടെ വീണ്ടും ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ആർ.എം.എസ്.എ പദ്ധതി പ്രകാരം അനുവദിച്ച 78 ലക്ഷം രൂപയുടെ പണി ഏറ്റെടുത്ത കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. കെട്ടിട നിർമ്മാണത്തിനായി പാചകപ്പുര ഉൾപ്പെടെയുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചതോടെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാനും പഠിക്കാനും ബുദ്ധിമുട്ടാണ്. അഞ്ച് ക്ലാസ് റൂമും കമ്പ്യൂട്ടർ റൂമുകൾ ഉൾപ്പെടെയുള്ള മന്ദിരം പണിയുന്നതിനാണ് തുക അനുവദിച്ചത്. മണ്ണുപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പാലിക്കാതെയാണ് ടെൻഡർ നൽകിയതെന്നും ഇതുവരെ കൈയിൽ നിന്നു പണം ചെലവഴിച്ചാണ് പണി നടത്തിയതെന്നും പറഞ്ഞാണ് കരാറുകാരൻ പിന്മാറിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളാക്കാൻ ജില്ലയിൽ നിന്ന് ഇരുപത്തിരണ്ട് സ്കൂളുകളെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ ആറെണ്ണത്തിന്റെ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയാക്കി നിർമ്മാണമാരംഭിച്ചെങ്കിലും ബാക്കിയുള്ളവയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. 15 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം, ഡൈനിംഗ് ഹാൾ, പാചകപ്പുര, ബാസ്കറ്റ് ബാൾ കോർട്ട്, ലാബ് എന്നിവ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിനു വേണ്ടിയാണ് മൂന്നു കോടി അനുവദിച്ചത്. ജില്ലാ പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയും സ്ഥലം എം.എൽ.എ 21 ലക്ഷവും അനുവദിച്ചെങ്കിലും ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ അദ്ധ്യയനവർഷം തന്നെ പണി ആരംഭിക്കുമെന്ന ബണ്ഡപ്പെട്ടവരുടെ വാക്ക് വിശ്വസിച്ച് ക്ലാസ് നടന്നിരുന്ന കെട്ടിടങ്ങളെ ഇടിച്ച് നിരത്തി. അതിന് ശേഷം സ്ഥലപരിശോധനയും അളവുകളും നടന്നെങ്കിലും പുതിയ കെട്ടിടങ്ങൾ പണിയാനുള്ള ലക്ഷണം പോലുമില്ലാതായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടുതലായി എത്തിയ കുട്ടികൾക്കുള്ള ക്ലാസ് മുറികൾ തേടി അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ഒടുവിൽ കിട്ടിയ സ്ഥലത്തെല്ലാം സൗകര്യമൊരുക്കി താത്കാലിക പരിഹാരം കാണുകയായിരുന്നു.