നടപടി കോൺഗ്രസ് അനുകൂല സംഘടനക്കാർക്കു മാത്രം
തിരുവനന്തപുരം: പൊലീസ് ജില്ലാ സഹകരണ സംഘം തിരഞ്ഞെടുപ്പിന്റെ തിരിച്ചറിയൽ കാർഡ് വിതരണത്തെ ചൊല്ലി പൊലീസുകാർ തമ്മിലടിച്ച സംഭവത്തിൽ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കുമെതിരെ മാത്രം നടപടി. വനിതകൾ ഉൾപ്പെടെ പത്തു പേരാണ് ഇന്നലെ സസ്‌പെൻഷനിലായത്.
കേരള പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത്ത് (ട്രാഫിക്), ആർ.ജി. ഹരിലാൽ (വഞ്ചിയൂർ സ്റ്റേഷൻ), ശോഭൻ പ്രസാദ് (കൺട്രോൾ റൂം), എം.എസ്. മിനിമോൾ (വനിതാ സ്റ്റേഷൻ), ഷീജ ദാസ് (നേമം), രഞ്ജിത്, സനൽകുമാർ, അനിൽകുമാർ (എ.ആർ ക്യാമ്പ്) എന്നിവരെ സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിനും, വിധുകുമാർ (അരുവിക്കര), ഷേർളി (കാഞ്ഞിരംകുളം) എന്നിവരെ റൂറൽ എസ്.പി അശോക് കുമാറുമാണ് സസ്‌പെൻഡ് ചെയ്തത്.
ശനിയാഴ്ചയായിരുന്നു തിരിച്ചറിയൽ കാർഡ് വിതരണത്തെച്ചൊല്ലി പൊലീസുകാരുടെ തമ്മിലടി. അതേസമയം, തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.