തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ മേൽക്കൂരകൾ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയുടെ ധ്വജസ്തംഭത്തിലെ ഗരുഡ വാഹനം സ്വർണം പൂശുന്നതിനുള്ള 110 ഗ്രാം സ്വർണം എസൽ കൺസൾട്ടന്റ്സിന്റെ ഉടമയും സെക്കന്തരാബാദ് സ്വദേശിയുമായ ശിവപ്രസാദ് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശനു കൈമാറി.
സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണിത്. ഇന്നലെ ഉച്ചയ്ക്ക് പടിഞ്ഞാറേ നടയിൽ നടന്ന ചടങ്ങിൽ സീനിയർ ഫിനാൻസ് ഓഫീസർ ഉദയഭാനു കണ്ടേത്ത്, ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, ഇൻവെൻട്രി കൺട്രോളർ കെ.ആർ. രാജൻ, അസിസ്റ്റന്റ് മുതൽപിടി മധുസൂദനൻ നായർ, പ്രോജക്ട് കോ ഓർഡിനേറ്റർ ബബിലു ശങ്കർ എന്നിവർ പങ്കെടുത്തു.
ശ്രീപദ്മനാഭസ്വാമി ശ്രീകോവിലിന്റെ മൂന്ന് താഴികക്കുടങ്ങളും നരസിംഹമൂർത്തി ശ്രീകോവിലിന്റെ ഒരു താഴികക്കുടവും തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ധ്വജസ്തംഭത്തിലെ ഗരുഡ വാഹനവുമാണ് സ്വർണം പൂശുന്നത്.