കല്ലമ്പലം : കല്ലമ്പലത്ത് ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും അതുകൊണ്ടുണ്ടാകുന്ന വാഹനാപകടങ്ങളും തുടർക്കഥയാകുന്നു. ഇതോടെ അമിതവേഗതയിലെത്തുന്ന ടിപ്പർ ലോറികളുടെ വേഗത നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ ദിവസം രാവിലെ വെള്ളല്ലൂർ മൂഴിയിൽ ഭാഗത്ത് അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ കലുങ്ക് ഇടിച്ച് തകർത്തു. ബസും അമിത വേഗതയിലായിരുന്നു. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
നാല് ദിവസം മുമ്പ് ദേശീയപാതയിൽ നാവായിക്കുളത്ത് അമിതവേഗത മൂലം നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് നെയ്യാറ്റിൻകര സ്വദേശിയായ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ടിപ്പർ ലോറികളുടെ അമിതവേഗതമൂലം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കല്ലമ്പലം, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറുതും വലുതുമായി 16ഓളം അപകടങ്ങളാണ് നടന്നത്.
മടവൂർ - പള്ളിക്കൽ - കട്ടുപുതുശ്ശേരി റോഡിലും വെള്ളല്ലൂർ - ചെമ്മരത്തുമുക്ക് റോഡിലും ടിപ്പർ ലോറികളുടെ അമിത വേഗതമൂലം അപകടങ്ങൾ വർദ്ധിക്കുന്നതായും പരാതിയുണ്ട്.
രാവിലെ മുതൽ നിശ്ചിത സമയം ടിപ്പർലോറികൾ ഓടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോറികൾ ചീറിപ്പായുന്നത്. പല ലോറികളും പെർമിറ്റ് ഇല്ലാതെയാണ് ഓടുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസ് ജാഗ്രത ഈ മേഖലകളിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പേടി സ്വപ്നമായി ടിപ്പറുകൾ
പത്ര, പാൽ, മത്സ്യ വിതരണക്കാർക്കും, പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവർക്കും ടിപ്പറുകൾ ഒരു പേടി സ്വപ്നമാണ്. പുലർച്ചെ പൊതുവേ പ്രദേശത്ത് പൊലീസ് പരിശോധനകൾ ശക്തമല്ലാത്തതിനാൽ ഈ സമയം തന്നെ തിരഞ്ഞെടുത്ത് പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ കടത്തുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പാസില്ലാതെ കൊണ്ടുപോകുന്ന സാധനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കേണ്ടിടത്ത് എത്തിക്കാനാണ് ഈ മരണപ്പാച്ചിൽ. അപകടങ്ങളിൽ കൂടുതലും പുലർച്ചെയാണെന്നുള്ളത് ഇതു സാധൂകരിക്കുന്നു.
പ്രതികരണം
ടിപ്പറുകളുടെ അമിതവേഗതമൂലം നിരവധി ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്. ടിപ്പറുകളുടെ വേഗത നിയന്ത്രിക്കണം. സ്കൂളുകൾ തുറന്നതിനാൽ നിരത്തുകളിൽ ടിപ്പറുകൾ ഓടുന്നതിന് സമയക്രമം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പൊലീസ് പരിശോധന ശക്തമാക്കണം
- കെ . ഗോപിനാഥൻ നായർ (പൊതു പ്രവർത്തകൻ)
വെട്ടിയറ, നാവായിക്കുളം
ചിത്രം:
കഴിഞ്ഞ ദിവസം പുതുശ്ശേരി മുക്ക് - ചെമ്മരത്തുമുക്ക് റോഡിൽ കലുങ്ക് ഇടിച്ചു തകർത്ത് നിൽക്കുന്ന ടിപ്പർ ലോറി.