odinju-veezhunnathinu-mum

കല്ലമ്പലം : വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞുനിന്ന പ്ലാവിന്റെ ശിഖിരം ലോറി ഇടിച്ച് രണ്ടായി മുറിഞ്ഞു. നാവായിക്കുളം കപ്പാംവിള മുക്കിന് സമീപം സ്വകാര്യ വ്യക്തിയുടെ മരക്കൊമ്പിലേക്ക് കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ ടിപ്പർ ലോറിയുടെ മുകൾ ഭാഗം ഉഗ്ര ശബ്ദത്തോടെ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞ ശിഖിരം രണ്ട് മണിക്കൂർ കഴിഞ്ഞാണ് റോഡിലേക്ക്‌ ഒടിഞ്ഞു വീണത്‌. അപകട ഭീഷണിയിലുള്ള മരക്കൊമ്പ് മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ നിരവധി തവണ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ഇതിന് മുമ്പും നിരവധി വാഹനങ്ങളുടെ മുകൾ ഭാഗം മരത്തിലിടിച്ച് മരത്തിനും വാഹനങ്ങൾക്കും കേടു പറ്റിയിരുന്നു. ശിഖരത്തിന്റെ പകുതി ഭാഗമാണ് ഇപ്പോൾ ഒടിഞ്ഞു വീണത് അവശേഷിക്കുന്ന ഭാഗവും വാഹനങ്ങൾക്ക് ഭീഷണിയാണ്. അതു കൂടി മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.