road

കിളിമാനൂർ :' ഇതൊക്കെ ഒരു റോഡാണോ. അതിനേക്കാൾ ഭേദം പണ്ട്, പണ്ട് ഇവിടെ ഒരു റോഡുണ്ടായിരുന്നു എന്നു പറയുന്നതാണ്." അത്രമോശമാണ് പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലൂടെ കടന്നു പോകുന്ന പോട്ടലിൽ - വട്ടക്കൈത, നെടുമ്പാറ റോഡിന്റെ അവസ്ഥ. ചെളിക്കെട്ടും, കുന്നും കുഴിയും ഒക്കെയായി ഒരു ചെമ്മൺപാത. ടാറിന്റെ അംശം തൊട്ടുതീണ്ടിയിട്ടില്ല. മെറ്റൽ കണികാണാൻ പോലുമില്ല. ഈ ദുരിതം പിടിച്ച പാതയിലൂടെയാണ് ഒരു ഗ്രാമം മുഴുവനും സഞ്ചരിക്കുന്നത്.

അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ മൺപാതയ്ക്ക്.

ഇതിലൂടെ സഞ്ചരിക്കുന്ന ഗ്രാമവാസികളെക്കുറിച്ച് പഞ്ചായത്ത് അധികൃതർക്കോ, വാർഡംഗത്തിനോ യാതൊരു ചിന്തയുമില്ല. ര

ണ്ടും, മൂന്നും വർഷം മാത്രം പഴക്കമുള്ള റോഡുകൾ ടാറും കോൺക്രീറ്റും ഒക്കെ ചെയ്യുമ്പോൾ അരനൂറ്റാണ്ട് പഴക്കമുള്ള ഈ റോഡിന് വേണ്ടി ഒരു തവണ പോലും പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയോ, നിർമ്മാണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഫണ്ട് അനുവദിക്കും എന്ന് പറയും. സ്ഥലം അളന്ന് കുറ്റിയടിക്കും. ഇതൊക്കെ കാണുമ്പോൾ ഉടൻ റോഡുവരുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കും. പക്ഷേ, ഒന്നും നടക്കില്ല.

കിലോ മീറ്ററുകൾ താണ്ടി വേണം ഇവിടുള്ള 400 ഓളം കുടുംബങ്ങൾക്ക് മെയിൻ റോഡിൽ എത്താൻ. മെയിൻ റോഡിലേക്കെത്താനുള്ള 2 കിലോ മീറ്ററോളം വരുന്ന ഈ റോഡ് സ്ഥിതി ചെയ്യുന്ന വാർഡിൽ നിന്ന് ജയിച്ച് പോയ പലരും പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഒക്കെ ആയിട്ടുണ്ടങ്കിലും ഈ റോഡിന്റെ വികസനത്തിനായി ആരും ചെറുവിരൽപോലും അനക്കിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

റോഡിന്റെ വീതി നിലവിൽ 7 മീറ്റർ

നിരവധി തവണ ജനങ്ങൾ തന്നെ മുൻകൈ എടുത്ത് റോഡിന് വീതി കൂട്ടി

ഓരോ മഴക്കാലം കഴിയുമ്പോഴും ചെമ്മൺ പാതയ്ക്ക് മുകളിലുടെ വെള്ളം ഒഴുകി ചാലുകൾ രൂപപ്പെടുമ്പോഴും, ചെളിക്കെട്ടാകുമ്പോഴും ജനങ്ങൾ മുൻകൈ എടുത്ത് പണം പിരിച്ച് റോഡ് ശരിയാക്കേണ്ട അവസ്ഥയാണ്

* പഞ്ചായത്തിനെ സമീപിക്കുമ്പോൾ ഇപ്പോ ശരിയാക്കാം എന്നാണ് വാഗ്ദാനം

റോഡിന്റെ നിലവിലെ അവസ്ഥ

കാൽ നടയാത്രക്കാർക്ക് പോലും യാത്ര ചെയ്യാനാവാത്ത സ്ഥിതി

സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ എത്താത്തത് കാരണം കുട്ടികൾ കിലോമീറ്ററുകളോളം നടക്കേണ്ടിവരുന്നു

ആശുപത്രിക്കേസ് ഉൾപ്പെടെയുള്ള അടിയന്തരഘട്ടങ്ങളിൽ പോലും വാഹനം ലഭിക്കാത്ത അവസ്ഥ.

പ്രതികരണം

അരനൂറ്റാണ്ട് പഴക്കമുള്ള ഈ റോഡ് യാത്രാ യോഗ്യമല്ലാതായിട്ട് വർഷങ്ങളായി, പഞ്ചായത്തിലോ, വാർഡംഗത്തിനോടോ പറഞ്ഞിട്ട് യാതൊരു നടപടിയുമുണ്ടായില്ല. ഇവിടെ നിന്നുള്ള പല പ്രമുഖരും പ്രസിഡന്റും, വൈസ് പ്രസിഡന്റും ഒക്കെ ആയിട്ടുണ്ടങ്കിലും യാതൊരു വികസനവും ചെയ്തിട്ടില്ല. പഞ്ചായത്തിന്റെ ഈ വികസന വിരോധത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.

-അടയമൺ മുരളീധരൻ,

പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്