india-cricket-world-cup
india cricket world cup

പരാജയങ്ങൾ മാത്രമല്ല, വിജയങ്ങളും ചിലപ്പോൾ പലതും പഠിപ്പിക്കും. കഴിഞ്ഞദിവസം ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം അത്തരത്തിലൊന്നായിരുന്നു. വമ്പൻ ടീമുകളെ നിഷ്‌പ്രയാസം കീഴടക്കിയ ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളിയാവുകയായിരുന്നു അഫ്ഗാൻ. അവസാന ഒാവറുകളിലെ ബുംറയുടെയും ഷമിയുടെയും ഹീറോയിസമില്ലായിരുന്നുവെങ്കിൽ ഇൗ ലോകകപ്പിലെ വമ്പൻ അട്ടിമറികളിലൊന്ന് സതാംപ്ടണിൽ അരങ്ങേറിയേനെ.

ഇൗ വിജയം വിരാടിനും കൂട്ടർക്കും നൽകുന്ന പ്രധാന പാഠങ്ങൾ ഇവയാണ്.

പാഠം I

നാലാം നമ്പർ നന്നാവണം

ലോകകപ്പിന് മുന്നേതന്നെ ബാറ്റിംഗ് പൊസിഷനിലെ നാലാം നമ്പരിൽ ആരെയിറക്കണമെന്നത് വലിയ ചർച്ചയായിരുന്നു. സെലക്ടർമാർ അമ്പാട്ടി റായ്ഡുവിനെ ഉപേക്ഷിച്ച് വിജയ് ശങ്കറിനെ ടീമിലെടുത്തത് ഇൗ പൊസിഷനുംകൂടി കണ്ടിട്ടാണ്. ആദ്യ കളികളിൽ ഹാർദിക് പാണ്ഡ്യയാണ് നാലാമനായത്. അഫ്ഗാനെതിരെ വിജയ് ശങ്കർ നാലാം നമ്പരിൽ ശോഭിച്ചതേയില്ല. 41 പന്തുകളിൽ 29 റൺസ് മാത്രം നേടിയത് വമ്പൻ സ്കോറിലേക്ക് നീങ്ങാനുള്ള സാദ്ധ്യത ഇല്ലാതാക്കി. അല്പംകൂടി സ്പെഷ്യലിസ്റ്റായ ബാറ്റ്സ് മാനാണ് ഇൗ പൊസിഷനിൽ വേണ്ടതെന്ന് വിജയ്‌യുടെ പ്രകടനം വ്യക്തമാക്കുന്നു. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സ്കോർ ബോർഡ് ചലിപ്പിക്കുകയാണ് മദ്ധ്യ ഒാവറുകളിൽ ഇറങ്ങുന്ന ബാറ്റ്സ്മാൻമാരുടെ കടമ. അത് നിറവേറ്റുന്നതിൽ വിജയ്‌ക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ആൾ റൗണ്ടറായി ടീമിലെത്തിയ വിജയ്‌ക്ക് പന്ത് നൽകാനും കൊഹ്‌ലി തയ്യാറായില്ല. പരിക്കായിരിക്കാം കാരണം.

പാഠം 2

ധോണി തുഴയൽ

അഫ്ഗാനെതിരായ ധോണിയുടെ ബാറ്റിംഗ് അദ്ദേഹത്തിന്റെ വിമർശകരെ ഒരിക്കൽകൂടി അരിശം കൊള്ളിക്കുന്നു. 28 റൺസ് നേടാൻ 52 പന്തുകളാണ് ധോണിക്കുവേണ്ടിവന്നത്. തന്റെ ഏകദിന കരിയറിൽ വെറും രണ്ടാമത്തെ മാത്രം തവണ ധോണി സ്റ്റംപ് ചെയ്യപ്പെടുകയുമുണ്ടായി. 2011 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ധോണി ആദ്യമായി സ്റ്റംപ് ചെയ്യപ്പെട്ടത്. 27-ാം ഒാവർ മുതൽ 45-ാം ഒാവർവരെ ധോണി ക്രീസിലുണ്ടായിരുന്നിട്ടും ഇന്ത്യയ്ക്ക് നേടാനായത് 70 റൺസ് മാത്രമാണ്. കൊഹ്‌ലി തനതുശൈലിയിൽ ബാറ്റ് ചെയ്തപ്പോഴാണ് ധോണി ഉൾപ്പെടെയുള്ളവർക്ക് അതിന് കഴിയാതെ പോയത്.

പാഠം 3

കേദാറിന്റെ വേഗം

അഫ്ഗാൻ സ്പിന്നർമാർക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ആകർഷകമായ ഒരു ഇന്നിംഗ്സായിരുന്നില്ല കേദാർ യാദവിന്റേത്. നിരവധി പന്തുകൾ തൊടാൻ പോലും അദ്ദേഹത്തിനായില്ല. 45-ാം ഒാവറിൽ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് സ്ട്രൈക്ക് നൽകുന്നതിലും കേദാർ പരാജയമായിരുന്നു. കേദാറും ഹാർദിക്കും ക്രീസിലുണ്ടായിരുന്നപ്പോൾ 250 നുമേൽ റൺസെടുക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ റാഷിദിനെയും അഫ്‌താബിനെയുമൊക്കെ നേരിടുന്നതിൽ വീഴ്ചകൾ സംഭവിച്ചു. അതുകൊണ്ടുതന്നെ അർദ്ധസെഞ്ച്വറിക്കും തിളക്കമില്ലാതെ പോയി.

പാഠം 4

പന്തുരുളില്ലേ?

വെടിക്കെട്ട് ബാറ്റ്സ്മാൻ ഋഷഭ് പന്തിന് അരങ്ങേറ്റ അവസരം നൽകാൻ ഉചിതമായ വേദിയായിരുന്നു അഫ്ഗാൻ. പ്രത്യേകിച്ച് വിജയ് ശങ്കർ പരിക്കിന്റെ നിഴലിലായിരുന്നതിനാൽ ഒാപ്പണിംഗിൽ പന്തിനെ ഇറക്കി പരീക്ഷിച്ച് വിജയിച്ചിരുന്നുവെങ്കിൽ അത് നൽകുമായിരുന്ന ഉൗർജ്ജം ചെറുതല്ല. പാകിസ്ഥാനെതിരായ മത്സരത്തിലെ പ്ളേയിംഗ് ഇലവനിൽ പരിക്കേറ്റ ഭുവനേശ്വറിന് പകരം ഷമിയെത്തിയതൊഴിച്ചാൽ മറ്റൊരു മാറ്റത്തിനും ടീം മാനേജ്മെന്റ് തയ്യാറായില്ല. ഭാഗ്യപരീക്ഷണമാണെങ്കിൽ കൂടി അഫ്ഗാനെപ്പോലൊരു ടീമിനെതിരെ പന്തിന് അവസരം നൽകുന്നത് തെറ്റാകുമായിരുന്നില്ല.

400 ലേറെ റൺസ് പിറക്കുമോ എന്ന് ചോദിച്ച പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ കൊഹ്‌‌ലി ഒഴികെയുള്ളവർ റൺസെടുക്കാൻ വിഷമിച്ചപ്പോൾ അഫ്ഗാന്റെ ബാറ്റിംഗായിരുന്നു താരതമ്യേന മികച്ചത്. റഹ്‌മത്ത് ഷായും നബിയും ഹർഷ്‌മത്തുള്ളയുമൊക്കെ മദ്ധ്യ ഒാവറുകളിൽ ബൗളിംഗിനെ നേരിട്ട രീതി ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് വലിയൊരു പാഠമാണ്.

കൊഹ്‌‌ലിക്ക് പിഴ

സതാംപ്ടൺ : അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അമിതമായി അപ്പീൽ ചെയ്തതിന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌‌ലിക്ക് മാച്ച് റഫറി മാച്ച് ഫീയുടെ 25 ശതമാനം പിഴയിട്ടു. 29-ാം ഒാവറിൽ ബുംറയുടെ പന്തിൽ റഹ്‌മത്ത് ഷായുടെ എൽ.ബിക്ക് വേണ്ടിയായിരുന്നു കൊഹ്‌‌ലിയുടെ അപ്പീൽ.

41

ചഹലിന്റെ പത്തോവറിലെ 41 പന്തുകളിൽ അഫ്ഗാന് റൺസെടുക്കാൻ കഴിഞ്ഞില്ല. ഷമി (38), ബുംറ (37), പാണ്ഡ്യ (32), കുൽദീപ് (30) എന്നിവരും ഡോട്ട് ബാളുകൾ എറിയുന്നതിൽ മിടുക്ക് കാട്ടി.

നിർണായകം ബുംറ

അവസാന ഒാവറിൽ ഹാട്രിക് നേടി ഹീറോയായത് ഷമിയാണെങ്കിലും മാൻ ഒഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത് ജസ്‌പ്രീത് ബുംറയാണ്. 10 ഒാവറിൽ ഒരു മെയ്ഡനടക്കം 39 റൺസ് വഴങ്ങി ബുംറ വീഴ്ത്തിയത് രണ്ട് വിക്കറ്റുകളാണ്. ഇൗ രണ്ട് വിക്കറ്റുകളും അഫ്ഗാന്റെ ചേസിംഗിന്റെ മുനയൊടിക്കുന്നതായിരുന്നു. 29-ാം ഒാവറിലെ നാലാംപന്തിൽ റഹ്മത്ത് ഷട്ടയെ ചഹലിന്റെ കൈയിലെത്തിച്ച ബുംറ അവസാന പന്തിൽ ഷഹ്‌മത്തുള്ള ഷാഹിദിയെ റിട്ടേൺ ക്യാച്ചിലൂടെ മടക്കി അയച്ചു. ഇതോടെ അഫ്ഗാൻ 106/2 ൽനിന്ന് 106/4 എന്ന സ്ഥിതിയിലായി.

ഹാട്രിക് 10

ലോകകപ്പിൽ ഹാട്രിക് നേടുന്ന പത്താമത്തെ ബൗളറാണ് മുഹമ്മദ് ഷമി.

1987 ൽ ഇന്ത്യൻ താരം ചേതൻ ശർമ്മയാണ് ആദ്യമായി ലോകകപ്പിൽ ഹാട്രിക് നേടിയത്.

2003, 2011, 2015 ലോകകപ്പുകളിൽ രണ്ടു പേർ വീതം ഹാട്രിക് നേടി.

ലസിത് മലിംഗ രണ്ട് ലോകകപ്പുകളിൽ (2007, 2011) ഹാട്രിക് നേടി.

സഖ്ലൈൻ മുഷ്‌താഖ് (1999), ചാമിന്ദവാസ്, ബ്രെറ്റ്ലി (2003), കെമർ റോഷ് (2011), സ്റ്റീവൻ ഫിൻ, ജെ.പി. ഡുമിനി (2015) എന്നിവരാണ് ഹാട്രിക് നേട്ടക്കാർ

ഇന്ത്യയുടെ ബാറ്റിംഗിൽ നിരാശയുണ്ട്. കേദാറിന്റെയും ധോണിയുടെയും പ്രകടനത്തിൽ പ്രത്യേകിച്ചും. 34 ഒാവറുകൾ സ്പിൻ ബൗളിംഗിനെ നേരിട്ട് 119 റൺസ് മാത്രം നേടിയത് ശുഭസൂചനയല്ല.

സച്ചിൻ ടെൻഡുൽക്കൽ

അഫ്ഗാൻ സ്പിന്നർമാരോട് ഇന്ത്യൻ ബാറ്റ്സ്മാൻമാർ അമിതമായ ബഹുമാനമാണ് കാട്ടിയത്. പിച്ച് വേഗം കുറഞ്ഞതായിരുന്നുവെങ്കിലും 224 മാന്യമായ ടോട്ടൽ ആയിരുന്നില്ല.

കെ. ശ്രീകാന്ത്

അവസാന ഒാവറിൽ 16 റൺസായി ലക്ഷ്യം നിശ്ചയിച്ചതിൽ ബുംറയ്ക്ക് വലിയ പങ്കുണ്ട്. ലാസ്റ്റ് ഒാവറിൽ നബി ഫോറടിച്ച ശേഷം ധോണി അടുത്തെത്തി യോർക്കർ എറിയാനാണ് ഉപദേശിച്ചത്. അത് അതേപടി അനുസരിച്ചതിനാലാണ് ഹാട്രിക് നേടാനായത്.

മുഹമ്മദ് ഷമി