പാകിസ്ഥാന് 49 റൺസ് വിജയം
ദക്ഷിണാഫ്രിക്കയുടെ അഞ്ചാം തോൽവി
ലണ്ടൻ : പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇന്നലെ ലോഡ്സിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 50 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസിലെത്തിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 259/9 എന്ന സ്കോറിലൊതുങ്ങി.ഇൗ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം തോൽവിയാണിത്. ഇതോടെ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമായ അവർ സെമികാണാതെ പുറത്തായി.ആറ് മത്സരങ്ങളിലെ രണ്ടാം വിജയവുമായി അഞ്ചുപോയിന്റിലെത്തിയ പാകിസ്ഥാൻ ഏഴാം സ്ഥാനത്തേക്കുയർന്നു.
ഒാപ്പണർമാരായ ഇമാം ഉൽ ഹഖും (44), ഫഖർ സമാനും (44) നൽകിയ തുടക്കവും മദ്ധ്യനിരയിൽ ബാബർ അസമും (69) ഹാരീസ് സൊഹൈലും (89) നേടിയ അർദ്ധ സെഞ്ച്വറികളുമാണ് പാകിസ്ഥാനെ 300 കടത്തിയത്.
ഒന്നാം വിക്കറ്റിൽ 81 റൺസാണ് ഫഖർ സമാനും ഇമാമും ചേർന്ന് നേടിയത്. 15-ാം ഒാവറിൽ ഇമ്രാൻ താഹിറാണ് സഖ്യം പൊളിച്ചത്. 21-ാം ഒാവറിൽ തകർപ്പനൊരു റിട്ടേൺ ക്യാച്ചിലൂടെ ഇമ്രാൻ തന്നെ ഇമാമിനെയും മടക്കി അയച്ചു. തുടർന്ന് ബാബർ അസം നിലയുറപ്പിക്കവേ മുഹമ്മദ് ഹഫീസ് (20) 30-ാം ഒാവറിൽ മാർക്രമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി മടങ്ങി ഇതോടെ പാകിസ്ഥാൻ 30 ഒാവറിൽ 143/3 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച് ഹാരീസ് സൊഹൈലും ബാബറും ചേർന്ന് കൂട്ടിച്ചേർത്തത് 81 റൺസാണ്. 80 പന്തുകളിൽ ഏഴ് ബൗണ്ടറികളടക്കം 69 റൺസിലെത്തിയ ബാബറിനെ 42-ാം ഒാവറിൽ പെഹ്‌ലുക്ക്‌വായോയാണ് പുറത്താക്കിയത്. തുടർന്ന് ഇമാദ് വാസിം (23), വഹാബ് റിയാസ് (4) എന്നിവർ കൂടാരം കയറി. 59 പന്തുകളിൽ ഒൻപത് ഫോറുകളും മൂന്ന് സിക്സുകളും പായിച്ച ഹാരീസ് അവസാന ഒാവറിലാണ് പുറത്തായത്. ലുങ്കി എൻഗിഡിക്ക് മൂന്ന് വിക്കറ്റുകൾ ലഭിച്ചു. ഇമ്രാൻ താഹിറിന് രണ്ടും.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽത്തന്നെ ഒാപ്പണർ ഹാഷിം അംലയെ (2)നഷ്ടമായിരുന്നു.രണ്ടാം ഒാവറിൽ തന്റെ ആദ്യ പന്തിൽത്തന്നെ പാക് പേസർ മുഹമ്മദ് ആമിർ അംലയെ എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ നായകൻ ഡുപ്ളെസി (63) ഒാപ്പണർ ഡികോക്കിനൊപ്പം(47) രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 87 റൺസ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു. എന്നാൽ 20-ാം ഒാവറിൽ ടീം സ്കോർ 91ൽ വച്ച് ഡികോക്കിനെ ഷദാബ് ഖാൻ മടക്കി അയച്ചു.പകരമിറങ്ങിയ എയ്ഡൻ മാർക്രമും (7) 24-ാം ഒാവറിൽ ഷദാബിന് കീഴടങ്ങി .30-ാം ഒാവറിൽ ടീം സ്കോർ 136ലെത്തിയപ്പോൾ നായകനും കൂടാരം കയറി.ആമിറാണ് ഡുപ്ളെസിയെ സർഫ്രാസിന്റെ കയ്യിലെത്തിച്ചത്.ഇതോടെ ദക്ഷിണാഫ്രിക്ക 136/4 എന്ന നിലയിലായി.
തുടർന്ന് വാൻഡെർ ഡ്യൂസനും(36) മില്ലറും (31) പൊരുതിനോക്കിയെങ്കിലും 40-ാം ഒാവറിൽ വാൻഡെർ ഡ്യൂസനെ പുറത്താക്കി ഷദാബ് ജയിക്കാനുള്ള അവസാന സാദ്ധ്യതയും തല്ലിക്കൊഴിച്ചു. മില്ലർ അടുത്തഒാവറിൽ ഷഹീൻ ഷാ അഫ്രീദിയുടെ പന്തിൽ കൂടാരം കയറി. തുടർന്ന് പെഹ്‌ലുക്ക്‌വായോ (46*) ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും ക്രിസ് മോറിസ് (16),റബാദ (3),എൻഗിഡി (1) എന്നിവരെ വഹാബ് റിയാസ് പുറത്താക്കി.
39
ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ദക്ഷിണാഫ്രിക്കൻ ബൗളർ എന്ന റെക്കാഡ് സ്വന്തമാക്കി 40 കാരനായ സ്പിന്നർ ഇമ്രാൻ താഹിർ. 38 വിക്കറ്റുകൾ നേടിയിട്ടുള്ള അലൻ ഡൊണാൾഡിന്റെ റെക്കാഡാണ് ഇന്നലെ പാക് ഒാപ്പണർമാരെ പുറത്താക്കി ഇമ്രാൻ സ്വന്തമാക്കിയത്.