ബ്രസീൽ 5- പെറു 0
വെനിസ്വേല 3-ബൊളീവിയ 0
സാവോപോളോ : കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയോട് ഗോൾ രഹിത സമനില വഴങ്ങേണ്ടിവന്ന ആതിഥേയരായ ബ്രസീൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് കീഴടക്കി കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിലെത്തി.
കൊരിന്ത്യൻസ് അരീനയിൽ നടന്ന മത്സരത്തിൽ കാസിബറോ, റോബർട്ടോ ഫിർമിനോ, എവർട്ടൺ , ഡാനി ആൽവ്സ്, വില്ലെയ്ൻ എന്നിവരാണ് ബ്രസീലിന് വേണ്ടി സ്കോർ ചെയ്തത്. ആദ്യപകുതിയിൽ മൂന്ന് ഗോളുകൾ അടിച്ചിരുന്ന ബ്രസീൽ രണ്ടാംപകുതിയിൽ രണ്ടുഗോളുകൾ കൂടി സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പ് റൗണ്ടിൽ രണ്ട് വിജയങ്ങളും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടിയാണ് ബ്രസീൽ ക്വാർട്ടറിലെ എട്ട് ടീമുകളിലൊന്നായത്.
12-ാം മിനിട്ടിൽ ഒരു കോർണർ ഗോളാക്കാനുള്ള മാർക്വിഞ്ഞോസിന്റെ ശ്രമം തട്ടിത്തെറിച്ചത് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു കാസിമെറോ. ബ്രസീലിന്റെ കുപ്പായത്തിൽ കാസിമെറോയുടെ കന്നി ഗോളായിരുന്നു ഇത്.
21-ാം മിനിട്ടിൽ പെറു ഡിഫൻഡർ ഗല്ലേസിന്റെ ക്ളിയറൻസിലെ പിഴവിലൂടെ കിട്ടിയ പന്ത് ഫിർമിനോ വലയിലെത്തിച്ചു.
32-ാം മിനിട്ടിൽ ഫിലിപ്പ് കുടീഞ്ഞോയുടെ പാസിൽനിന്ന് കിട്ടിയ പന്തുമായി വെട്ടിച്ചുകയറിയ എവർട്ടൺ ഗല്ലേസിനെ ഡ്രബിൾ ചെയ്ത് ഗോൾ നേടി.
53-ാം മിനിട്ടിൽ ഫിർമിനോയുമായി കൈമാറി മുന്നേറിയ ശേഷമാണ് ഡാനി ആൽവ്സ് പോസ്റ്റിൽ പന്തെത്തിച്ചത്.
90-ാമിനിട്ടിൽ എവർട്ടന്റെ പാസിൽ നിന്ന് വില്ലെയ്ൻ തൊടുത്ത ഷോട്ടുവലയിൽ കയറി.
ഇൻജുറി ടൈമിനൊടുവിൽ ബ്രസീലിന് ലഭിച്ച പെനാൽറ്റി കിക്ക് ഗബ്രിയേൽ ജീസസ് ഗോളിക്ക് നേരെ അടിച്ചില്ലായിരുന്നുവെങ്കിൽ മഞ്ഞക്കുപ്പായക്കാർ അരഡസൻ തികച്ചേനെ.
36
-ാം വയസിൽ ഗോളടിച്ച ബ്രസീൽ ക്യാപ്ടൻ ഡാനി ആൽവ്സ് കോപ്പയിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായമേറിയ ബ്രസീലിയൻ താരമായി.
വെനിസ്വേല ക്വാർട്ടറിൽ
കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ ബൊളീവിയയെ 3-1ന് തകർത്ത് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി വെനിസ്വേല കാർട്ടറിലെത്തി. വെനിസ്വേലയ്ക്കായി മാച്ചിസ് രണ്ട് ഗോളുകളും മാർട്ടിനെസ് ഒരു ഗോളും നേടി. ജസ്റ്റിനിയാനോയാണ് ബൊളീവിയയുടെ ആശ്വാസഗോൾ നേടിയത്. പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളിലും ബൊളീവിയ ഇതോടെ തോറ്റു.
പോയിന്റ് നില
ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് എന്ന ക്രമത്തിൽ
ഗ്രൂപ്പ എ
ബ്രസീൽ 3-2-1-0-7
വെനിസ്വേല 3-1-2-0-5
പെറു 3-1-1-1-4
ബൊളീവിയ 3-0-0-3-0
ഗ്രൂപ്പ് ബി
കൊളംബിയ 2-2-0-0-6
പരാഗ്വേ 2-0-2-0-2
ഖത്തർ 2-0-1-1-1
അർജന്റീന 2-0-1-1-1
ഗ്രൂപ്പ് സി
ചിലി 2-2-0-0-6
ഉറുഗ്വേ 2-1-1-0-4
ജപ്പാൻ 2-0-1-1-1
ഇക്വഡോർ 2-0-0-2-0