തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അക്രമികളുടെ അഴിഞ്ഞാട്ടം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ആറ്റുകാൽ ഇരുമ്പ് പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പ്രാവ് സതി എന്ന സതിയെ (47 ) മൂന്നംഗ ഗുണ്ടാസംഘം നഗരമദ്ധ്യത്തിൽ വെട്ടിപ്പരിക്കേല്പിച്ചു. തലയ്‌ക്കും കൈയ്‌ക്കും വെട്ടേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും ചെവിയിലുമായി 15 തുന്നലും കൈയിലെ വിവിധ ഭാഗങ്ങളിലായി 13 തുന്നലുമുണ്ട്. ഇന്നലെ രാത്രി 7.30ഓടെ പാളയം കണ്ണിമേറ മാർക്കറ്റിന് പിന്നിലെ ബൈറോഡിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇരുവിഭാഗവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ആട്ടോ ഡ്രൈവർമാരാണ് പ്രതികളെല്ലാം. പ്രാവ് സതിയെ പിന്തുടർന്ന് പഞ്ചാര ബിജു, പ്രമോദ് എന്നിവർ ബേക്കറി ജംഗ്ഷനിലെത്തി. സതി കള്ളുഷാപ്പിൽ കയറിയതോടെ ഇവരും കൂടെക്കയറി. രംഗം പന്തിയല്ലെന്ന് കണ്ടതോടെ സതി വേഗം മദ്യപിച്ച് പുറത്തിറങ്ങാൻ തുടങ്ങി. ഇതിനിടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. ഷാപ്പിൽ നിന്നും പുറത്തിറങ്ങിയ സതി കണ്ണിമേറ മാർക്കറ്റിന് പിന്നിലെ വഴിയിലൂടെ പാളയം ജംഗ്ഷനിലേക്ക് പോകാൻ ശ്രമിക്കവെ പിറകെ മൂന്നംഗ സംഘവും കൂടി. മുൻവൈരാഗ്യത്തിന് കാരണമായ വിഷയങ്ങൾ പറഞ്ഞ് വാക്കുതർക്കം രൂക്ഷമായി. ഇതിനിടെ ആട്ടോയിൽ കരുതിയിരുന്ന വടിവാൾ പുറത്തെടുത്ത സംഘം സതിയെ വെട്ടുകയായിരുന്നു. നിലവിളികേട്ട് ആളുകൾ കൂടിയതോടെ അക്രമികൾ രക്ഷപ്പെട്ടു. രക്തംവാർന്ന നിലയിൽ സതി ആട്ടോയിൽ ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെത്തി. അവിടെനിന്ന് പൊലീസാണ് ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചത്. ആറുമാസം മുമ്പ് സതിയെയും മൂത്തമകൻ സജിത്തിനെയും ഇതേസംഘം വെട്ടിപ്പരിക്കേല്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഫോർട്ട് പൊലീസിൽ ഇരുകൂട്ടർക്കുമെതിരെ നിരവധി പരാതികൾ നിലവിലുണ്ട്. കന്റോൺമെന്റ് പൊലീസ് കേസെടുത്തു.